ദില്ലി : ഗാസയിൽ സംഭവിച്ചതെല്ലാം മാനവകുലത്തിന് എതിരായ ക്രൂരതകളാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ഏക പോംവഴി ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ച ദ്വിരാഷ്ട്രങ്ങൾ ആണെന്നും യെച്ചൂരി പറഞ്ഞു.ഗാസയിൽ ഇസ്രയേലി സൈന്യവും ഹമാസും തമ്മിൽ അടിയന്തരമായി സ്ഥിരമായ വെടിനിർത്തൽ വേണമെന്ന ജോർദാൻ പ്രമേയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനുള്ള ഇന്ത്യയുടെ തീരുമാനവും ഒപ്പം ഹമാസിന്റെ ഭീകരാക്രമണങ്ങളെ അപലപിച്ച കനേഡിയൻ പ്രമേയത്തെ പിന്തുണച്ചതിനെക്കുറിച്ചും പറയവെയാണ് യെച്ചൂരി ഇങ്ങനെ പ്രതികരിച്ചത്.
അതേസമയം ഹമാസിനെക്കുറിച്ചുള്ള പാർട്ടി നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലെത്തിയ സംഘടനയാണ് ഹമാസെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
ഇവരെ ഇന്ത്യ ഇതുവരെ ഭീകരസംഘടനായി കണക്കാക്കിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ശശി തരൂർ ഹമാസിനെക്കുറിച്ചു പറഞ്ഞതിൽ കേരളനേതാക്കൾ പ്രതികരണം നടത്തുമെന്നും യച്ചൂരി വ്യക്തമാക്കി.
സിപിഎം പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറഴ്ച്ച ഡൽഹിയിൽ ധർണ നടത്തും. ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന ധർണയിൽ പിബി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റിയംഗങ്ങൾ എന്നിവരടക്കം പങ്കെടുക്കും.