ഗാസ : അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ തെക്കൻ ഭാഗത്തേക്ക് മാറാൻ 11 ലക്ഷം ഗാസ നിവാസികൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നല്കിയതായി യുഎൻ.
ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തെത്തുടർന്ന് ഗാസയിൽ കനത്ത വ്യോമാക്രമണം നടത്തുകയും അതിർത്തിക്ക് സമീപം ഇസ്രേലി ടാങ്കുകൾ യുദ്ധസജ്ജരായി നിലയുറപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ്. ഇത് ഗാസയിലേക്കുള്ള കരയാക്രമണത്തിനു മുന്നോടിയായേക്കാമെന്നാണ് പലസ്തീനികളുടെ ഭയം.
അതേസമയം, ജനങ്ങളെ ഇത്തരത്തിൽ മാറ്റുന്നത് ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് യുഎൻ മുന്നറിയിപ്പ് നല്കുന്നത്. വീണ്ടും മാനുഷിക ദുരന്തങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ഇസ്രയേലിന്റെ ഉത്തരവ് പിൻവലിക്കണമെന്നും യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേൽ സൈന്യത്തിന്റെ ഉത്തരവ് എല്ലാ യുഎൻ ജീവനക്കാർക്കും സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ യുഎൻ സൗകര്യങ്ങളിൽ അഭയം പ്രാപിച്ചവർക്കും ബാധകമാണെന്ന് ഡുജാറിക് പറഞ്ഞു.
നിരന്തരമായ വ്യോമാക്രമണങ്ങളിൽ തകർന്നടിഞ്ഞ ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് യുഎൻ ഭക്ഷ്യസംഘടന അറിയിച്ചത്. 50,000 ഗർഭിണികൾ കുടിവെള്ളം പോലുമില്ലാതെ കഴിയുകയാണെന്നും യുഎൻ അറിയിച്ചു. ഗാസയിലെ 34 ആരോഗ്യകേന്ദ്രങ്ങളാണ് ആക്രമണം നേരിട്ടത്.