പീഡനക്കേസിൽ അറസ്ററ് ചെയ്യാൻ സിദ്ധിക്കിനെ തിരഞ്ഞ് പോലീസ്

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ മുൻ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖിനെ ബലാൽസംഗക്കേസിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് ക്രൈംബ്രാഞ്ച് തീരുമാനം.

ഉടൻ നടപടിയെടുക്കാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു തുടർന്നാണിത്. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതോടെ തിരച്ചിൽ ഊർജിതമാക്കി.

അതേസമയം സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ് ഇല്ല. അറസ്റ്റിന് തടസമില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. യുവ നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

കേസ് കോടതിയിലെത്തിയപ്പോൾ സിദ്ദിഖ് ഉന്നയിച്ച പ്രധാന ആരോപണം പരാതിക്കാരി പരാതി ഉന്നയിക്കാൻ കാലതാമസമുണ്ടായി എന്നതാണ്. എന്നാൽ പരാതിയിൽ കാലതാമസം ഉണ്ടായി എന്നതുകൊണ്ട് കേസിന്റെ ​​ഗൗരവം ഇല്ലാതാകുന്നില്ല. കൂടാതെ ഇതിൽ നിയമ നടപടികൾക്കും തടസമില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി മറുപടി നൽകിയത്. പരാതിക്കാരിക്കെതിരായ ആരോപണങ്ങളെ കോടതി തള്ളിക്കളഞ്ഞു. കൂടാതെ പരാതിക്കാരിക്കെതിരായ വ്യക്തിഹത്യ പാടില്ലെന്നും കോടതി പറഞ്ഞു.

പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി നാരായണന്‍ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്ക്രീനിം​ഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്കറ്റ് ഹോട്ടലിൽ എത്തിയതിന്റേയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകൾ സിദ്ദീഖിന് എതിരായിരുന്നു. തുടർന്നാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News