വോട്ടിംഗ് യന്ത്രത്തെ വിശ്വസിക്കാൻ വയ്യ: ഇലോണ്‍ മസ്‌ക് വീണ്ടും

ന്യൂയോർക്ക് : തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ ദുരുപയോഗിക്കാൻ കഴിയുമെന്ന് ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌ക്..

ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമുള്ളവയാണെന്നും പേപ്പര്‍ ബാലറ്റാണ് സുരക്ഷിതമെന്നും പുതിയ വീഡിയോയില്‍ അദ്ദേഹം പറയുന്നു.

അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനൊപ്പം പെന്‍സില്‍വാനിയയില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഇലോണ്‍ മസ്‌കിന്റെ പരാമര്‍ശം.

ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. 47 മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ 58 സെക്കന്റ് മാത്രമാണ് മസ്‌ക് ഈ വിഷയം സംസാരിച്ചത്.

തനിക്ക് കമ്ബ്യൂട്ടറുകളെ കുറിച്ച്‌ നല്ല ധാരണയുണ്ടെന്ന് മസ്‌ക് അറിയിച്ചു. എന്നാല്‍ കമ്ബ്യൂട്ടര്‍ പ്രോഗ്രാമുകളെ വിശ്വസിക്കാവാനില്ല, കാരണം,അത് ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്.ഒരു ചെറിയ കോഡ് ചേര്‍ക്കുന്നത് എളുപ്പമാണ്.പേപ്പര്‍ ബാലറ്റുകള്‍ ആണ് കൂടുതൽ സുരക്ഷിതം – അദ്ദേഹം പറഞ്ഞു.

മസ്‌കിന്റെ വീഡിയോ ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. ഇലോണ്‍ മസ്‌ക് ഇ.വി.എമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രസ്താവന നടത്തുന്നത് ആദ്യമല്ല.

ഇന്ത്യയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, വോട്ടിംഗ് മെഷീനുകള്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മെഷീനുകള്‍ മനുഷ്യരോ, നിര്‍മിത ബുദ്ധിയോ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഈ പ്രസ്താവനക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇ.വി.എമ്മിനെ കുറിച്ച്‌ മസ്‌കിന് ക്ലാസെടുക്കാമെന്ന് മുന്‍ ഇന്റഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ മറുപടി നൽകിയിരുന്നുവെങ്കിലും വിവാദം അവസാനിക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും മസ്കിൻ്റെ വാദം തള്ളിയിരുന്നു.