ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, കേന്ദ്ര സർക്കാരിൻ്റെ വിവിധ അന്വേഷണ ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു എന്ന ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും ഉള്ള മാർഗനിർദ്ദേശങ്ങളുടെ കരട് ഉടൻ തയ്യാറാക്കും.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം നേതാക്കൾ കമ്മീഷന് മുന്നിൽ ഈ വിഷയം അവതരിപ്പിച്ചിരുന്നു.
പരിശോധനയെന്ന രീതിയിൽ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം ആംആദ്മി പാർട്ടിയുടെ ഓഫീസ് ദീർഘകാലത്തേക്ക് അടച്ചിടാൻ നിർദ്ദേശിച്ചിരിക്കുകയാണ്.
എം പി മഹുവ മൊയിത്രയുടെ വസതിയിലും സിബിഐ പരിശോധന നടത്തി. ഒരു പകൽ മുഴുവൻ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.
തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഓരോ പ്രതിപക്ഷ നേതാവിനെയും ഉന്നം വെച്ചുളള ഇ ഡി, സിബിഐ അടക്കമുള്ള ഏജൻസികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്നും ഇന്ത്യാ സഖ്യം നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.