ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ.
പേജറുകളില്‍ കൃത്രിമം നടത്തുന്നത് പോലെ വോട്ടിങ് യന്ത്രത്തില്‍ സാധ്യമാവില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു. കാല്‍ക്കുലേറ്ററുകള്‍ക്ക് സമാനമായി ഒരിക്കല്‍ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററിയാണ് ഇ.വി.എമ്മുകളുടേത്.
മൊബൈലിന്റെ ബാറ്ററിക്ക് സമാനമല്ല ഇതെന്ന് പേജറുകള്‍ക്ക് സമാനമായി വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുമെന്ന കോണ്‍ഗ്രസ് നേതാവ് റാഷിദ് അലവിയുടെ ആരോപണവും അദ്ദേഹം തള്ളി.
പേജറുകള്‍ കണക്‌ട് ചെയ്യപ്പെട്ടിരിക്കുന്ന ഉപകരണങ്ങളാണെന്നും വോട്ടിങ് യന്ത്രങ്ങള്‍ അങ്ങനെയുള്ളതല്ല. മൂന്നുതലങ്ങളിലുള്ള സുരക്ഷയാണ് വോട്ടിങ് യന്ത്രങ്ങള്‍ക്കുള്ളത്. വോട്ടെടുപ്പിന് ആറ് മാസം മുമ്ബ് തന്നെ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങും. വോട്ടെടുപ്പിന് ആറ് ദിവസം മുമ്ബും പരിശോധനയുണ്ടാകും. തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്ബ് പുതിയ ബാറ്ററിയാണ് വോട്ടിങ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്നത്.
എല്ലാ മിഷ്യനുകളും സീല്‍ ചെയ്താണ് തെരഞ്ഞെടുപ്പിനായി എത്തിക്കുന്നത്. രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നത്. മുഴുവൻ പ്രക്രിയയും വിഡിയോയില്‍ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിറ്റ് പോളുകള്‍ ശാസ്ത്രീയമല്ലെന്നും പ്രവചനങ്ങള്‍ മാത്രമാണെന്നും രാജീവ് കുമാർ അഭിപ്രായപ്പെട്ടു. ഇത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നത് അർത്ഥശൂന്യമാണ് .
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നവംബർ 13 മുതല്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജാർഖണ്ഡില്‍ രണ്ട് ഘട്ടങ്ങളിലായി നവംബർ 13, 20 തീയതികളിലും മഹാരാഷ്ട്രയില്‍ ഒരു ഘട്ടമായി നവംബർ 20 നും വോട്ടെടുപ്പ് നടക്കും.
ഇതോടൊപ്പം 47 നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പും നവംബർ 13ന് നടക്കും. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നവംബർ 23-ന് നടക്കും.
നാമനിർദേശക പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര് 25, 29, നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബര് 28, 30, നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി യഥാക്രമം ഒക്ടോബര് 30, നവംബര് 1 എന്നിങ്ങനെയാണ്.
മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 145 സീറ്റുകള്‍ വിജയിക്കുന്ന കക്ഷികള്‍ കേവല ഭൂരിപക്ഷം നേടും.
ജാർഖണ്ഡില്‍, 81 നിയമസഭാ സീറ്റുകളുണ്ട്. 42 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5 ന് അവസാനിക്കും