April 22, 2025 8:14 pm

തിരഞ്ഞെടുപ്പ് തീയതി ഞായറാഴ്ചക്ക് മുമ്പ്

ന്യൂഡൽഹി :തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കില്ല. അടുത്ത ഞായറാഴ്ചയ്ക്ക് മുന്‍പ് പ്രഖ്യാപനം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അരുണ്‍ ഗോയല്‍ രാജിവച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. രാജിയില്‍ നിന്ന് പിന്മാറണണെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും അരുണ്‍ ഗോയല്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. രാജി രാഷ്ട്രപതി അംഗീകരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അരുണ്‍ ഗോയലിന്റെ രാജി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് ഐ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എക്സില്‍ കുറിച്ചു.

ബി ജെ പി ടിക്കറ്റിൽ ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ രാജിവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. രാജി മോദി സർക്കാരുമായുള്ള ഭിന്നതയാണോ അതോ കമ്മീഷനിലെ പ്രശ്നങ്ങളാണോ ? ഇനി ഇതൊന്നുമല്ലെങ്കില്‍ വ്യക്തിപരമായ കാരണമാണോ ? ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ജയറാം രമേശ് വ്യക്തമാക്കി.

രാജിയിൽ കേന്ദ്ര സര്‍ക്കാരിനെ പരിസഹിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബലും രംഗത്തെത്തി. അനുസരണക്കാരായ ആളുകളെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമിക്കാനുള്ള വഴിയൊരുങ്ങിയെന്നായിരുന്നു കപില്‍ സിബലിന്‍റെ പരിഹാസം. രാജ്യത്തിന്‍റെ അടിത്തറയായ സ്ഥാപനങ്ങളിലെല്ലാം ഇത് തന്നെയാണ് സ്ഥിതിയെന്നും കപില്‍ സിബല്‍ ആരോപിച്ചു.

എന്ത് സന്ദേശമാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യം നല്‍കുന്നതെന്ന് ടിഎംസി എംപി സാഗരിക ഘോഷ് ചോദിച്ചു. ബംഗാളിലെ ജനങ്ങളുടെ വോട്ട് കവരാൻ ബിജെപിയെ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.

രാജി കേന്ദ്രസർക്കാർ സമ്മർദ്ദമൂലമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ ആരോപിച്ചു. രാജിവെപ്പിച്ചത് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ സർക്കാരിന് നിയമിക്കാനാണെന്നും സാകേത് ഗോഖലെ ആരോപിച്ചു.

മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തെരഞ്ഞെടുപ്പ് കമ്മീഷണ‍റായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ച ശേഷം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം തുടരുമ്പാഴാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് അരുണ്‍ ഗോയലും രാജിവെക്കുന്നത്.

ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ മാത്രമാണ് ശേഷിക്കുന്നത്. തെര‍ഞ്ഞടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി മറ്റന്നാള്‍ ജമ്മുകശ്മീരില്‍ സന്ദർശനം നടത്താനിരിക്കെയാണ് രാജി. രാജിയുടെ കാരണം ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സര്‍ക്കാരോ വ്യക്തമാക്കിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News