തൃശൂരില്‍ സഹകരണ ബാങ്കുകളില്‍ അടക്കം എട്ടിടത്ത് ഇ.ഡി റെയ്ഡ്

In Main Story
September 18, 2023

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിനു പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലും ആധാരമെഴുത്ത് സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവ ഉള്‍പ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. കണ്ണനെ വിളിച്ചുവരുത്തി സാന്നിധ്യത്തിലാണ് പരിശോധന.കരുവന്നൂരിലെ തട്ടിപ്പ് പണം മറ്റ് സഹകരണ ബാങ്കുകളില്‍ കള്ളപ്പണമായി നിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുന്‍മന്ത്രി എ.സി മൊയ്തീന്റെ ബിനാമിയെന്ന് സംശയിക്കപ്പെടുന്ന സതീഷ്‌കുമാര്‍, പി.പി കിരണ്‍ എന്നിവര്‍ വഴി കള്ളപ്പണം നിക്ഷേപിച്ചുവെന്നാണ് ഇ.ഡിക്ക് കിട്ടിയ വിവരം.

സതീഷ്‌കുമാറിന്റെ ബിനാമികളെന്ന് കരുതുന്നവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ആധാരമെഴുത്തുകാര്‍, ഏജന്റുമാര്‍ എന്നിവരിലേക്കും അന്വേഷണം നീങ്ങുകയാണ്.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഒഴിവാക്കിയ സിപിഎം നേതാക്കളിലേക്കും ഇ.ഡി അന്വേഷണം എത്തുന്നുവെന്നാണ് സൂചന. കരുവന്നൂര്‍ കേസില്‍ എ.സി മൊയ്തീനോട് നാളെ ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. പി.പി കിരണിന്റെയും സതീഷ്‌കുമാറിന്റെയും റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. അതിനു മുന്‍പ് കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ എത്തിച്ച് ഇവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും ഇ.ഡിക്കുണ്ട്.