കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മർദ്ദിച്ചതെന്നും, ബെല്‍റ്റവച്ച് അടിച്ചതെന്നും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയതെന്നും ആരോപിച്ചത് കള്ളമാണെന്ന് കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരി.സ്വന്തം യൂട്യൂബ് ചാനലിലൂടെ ആണ് അവർ നിലപാടിൽ മലക്കംമറിഞ്ഞത്.
കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം.
യുവതിയുടെ വിശദീകരണം ഇങ്ങനെ:
പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നു. അതില്‍ കുറ്റബോധം തോന്നുന്നുണ്ട്.
വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞത്. പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ രക്ഷിതാക്കള്‍ മുന്നറിയിപ്പ് നൽകി. മനസ്സില്ലാ മനസ്സോടെയാണ് ഈ കാര്യങ്ങളെല്ലാം പറയേണ്ടി വന്നത്.
രാഹുല്‍ നേരത്തെ വിവാഹിതനാണെന്ന കാര്യവും അറിയാമായിരുന്നു. വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതിയാണ് ഇക്കാര്യം വീട്ടില്‍ അറിയിക്കാതിരുന്നത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുല്‍ തന്നെയാണ്.
രാഹുല്‍ മര്‍ദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയെ തുടർന്നായിരുന്നു. രണ്ടു പ്രാവശ്യമാണ് തല്ലിയത്. തുടര്‍ന്ന് താന്‍ കരഞ്ഞ് കുളിമുറിയിൽ പോയപ്പോള്‍ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയത്.
കേസിന് ബലം കിട്ടാന്‍ വേണ്ടിയാണ് വക്കീല്‍ പറഞ്ഞത് അനുസരിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും യുവതി പറഞ്ഞു.