കുവൈത്ത് സിററി: തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച 49 പേരിൽ 24 പേര്‍ മലയാളികളെന്ന് സ്ഥിരീകരിച്ചു.
ഇവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ടവരിലേറെയും ഇന്ത്യക്കാരാണ്.മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ എന്‍.ബി.ടി.സിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
മലയാളികളില്‍ 8 പേരെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ്, കൊല്ലം പൂയപ്പള്ളി സ്വദേശി ഷമീര്‍, കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത്് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരന്‍, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു(29) കൊല്ലം വെളിച്ചിക്കാല ലൂക്കോസ് (48), കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ് (56), പുനലൂര്‍ നരിക്കല്‍ സ്വദേശി സാജന്‍ ജോര്‍ജ്(29) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പുലര്‍ച്ചെ 4.30ന് കെട്ടിടത്തിൻ്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാന്‍ ഇടപെടും.