എണ്ണവില കുറയുമോ ? റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ റിലയൻസ്

മോസ്‌കോ: റഷ്യയില്‍ നിന്ന് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ റിലയന്‍സ് ഇൻഡസ്ട്രീസ് ഒപ്പിട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അറിയിച്ചു.

റഷ്യയുടെ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റുമായാണ് ഒരുവര്‍ഷത്തേക്കുള്ള കരാർ. രണ്ടു കമ്പനികളും ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. കരാർ മൂലം ഇന്ത്യയിലെ എണ്ണവില കുറയുമോ എന്ന് ഇനിയും വ്യക്തമല്ല.

റഷ്യ 2022 ൽ ആരംഭിച്ച യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അവസാനിപ്പിച്ചിരുന്നു.

റഷ്യന്‍ കറന്‍സിയായ റൂബിളിലായിരിക്കും ഇടപാട്. നിലവില്‍ അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും ഉപരോധം നേരിടുന്ന പശ്ചാത്തലത്തിലാണ് റഷ്യന്‍ കറന്‍സി ഉപയോഗിച്ചുള്ള ഈ കരാർ.

പശ്ചിമേഷ്യന്‍ എണ്ണയേക്കാള്‍ ബാരലിന് മൂന്ന് ഡോളര്‍ കുറവ് വിലയ്ക്കാണ് റോസ്നെഫ്റ്റ് എണ്ണ നല്‍കുക. ഇതിന് പുറമെ സള്‍ഫര്‍ ഘടകം കുറഞ്ഞ എണ്ണ പ്രതിമാസം രണ്ട് കാര്‍ഗോ വീതവും റഷ്യയില്‍ നിന്ന് റിലയന്‍സ് വാങ്ങും.

എണ്ണ ഉത്പാദകരായ ഒപെക് രാജ്യങ്ങള്‍ ജൂണിന് ശേഷം എണ്ണവിതരണം വെട്ടിക്കുറയ്ക്കുമെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയ്ക്ക് റഷ്യന്‍ എണ്ണ ദീര്‍ഘകാല കരാറിലൂടെ വാങ്ങുന്നത് റിലയന്‍സിന് സഹായകമാകും.