ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കൾ എന്ന പേരിൽ വിദേശത്തേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയെന്ന കേസിൽ ഡി എം കെ യുടെ മുൻ നേതാവും തമിഴ് സിനിമാ നിർമാതാവുമായ ജാഫർ സാദിഖിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റു ചെയ്തു.
ഓസ്ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും ലഹരി കടത്തുന്നതിന്റെ സൂത്രധാരൻ ജാഫർ സാദിഖാണെന്ന് എൻസിബി കണ്ടെത്തി.തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായി ജാഫർ സാദിഖിന് അടുത്ത ബന്ധമുണ്ടായിരുന്നു. 2010ൽ ചെന്നൈ വെസ്റ്റിൽ ഡിഎംകെയുടെ എൻആർഐ വിങ്ങിന്റെ ഡെപ്യൂട്ടി ഓർഗനൈസറായാണ് രാഷ്ട്രീയ രംഗത്തെത്തിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം വന്നതോടെ കഴിഞ്ഞ മാസം പാർട്ടിയിൽനിന്ന് പുറത്താക്കി.
ജാഫർ സാദിഖ് മുഖ്യമന്ത്രി എം. കെ. സ്ററാലിനൊപ്പം
ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി 3 തമിഴ്നാട് സ്വദേശികളെ കഴിഞ്ഞമാസം എൻസിബി ഡൽഹിയിൽ പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് ജാഫർ സാദിഖിന് ലഹരിക്കടത്തിൽ നിർണായക പങ്കുണ്ടെന്ന സൂചന ലഭിച്ചത്.
ഇയാളുടെ എട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 45 പാഴ്സലുകളിലായി 3,500 കിലോ സ്യൂഡോഫെഡ്രിൻ ജാഫർ ഓസ്ട്രേലിയയിലേക്ക് അയച്ചെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ് വ്യക്തമാക്കി. തേങ്ങയിലും ഉണക്കിയ പഴങ്ങളിലും ഒളിപ്പിച്ചാണ് ഇയാൾ സ്യൂഡോഫെഡ്രിൻ കടത്തിയത്. മെത്താംഫെറ്റമിൻ, ക്രിസ്റ്റല്‍ മെത്ത് ഉൾപ്പെടെയുള്ള മാരക ലഹരി മരുന്നുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണിത്.
ലഹരിക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ച ജാഫർ സിനിമാ നിർമാണത്തിനു പുറമെ റിയൽ എസ്റ്റേറ്റിലും ഈ തുക നിക്ഷേപിച്ചതായി എൻസിബി കണ്ടെത്തിയിട്ടുണ്ട്. ജാഫറിന്റെ ലഹരിക്കടത്ത് ശൃംഖലയിൽ ഉൾപ്പെട്ട രണ്ടു പേർ കഴിഞ്ഞയാഴ്ച മധുരയിൽ അറസ്റ്റിലായിരുന്നു.
180 കോടി രൂപ വിലമതിക്കുന്ന 36 കിലോ മെത്താംഫെറ്റമിൻ കടത്തുകയായിരുന്ന രണ്ടുപേരെ ട്രെയിനിൽവച്ചാണ് പിടികൂടിയത്. ശ്രീലങ്കയിലേക്ക് ലഹരി കടത്താനായിരുന്നു ഇവരുടെ നീക്കം. എൻസിബി അന്വേഷണം ആരംഭിച്ചതിനു പിന്നാലെ തമിഴ്നാട്ടിൽനിന്ന് തിരുവനന്തപുരത്തെത്തിയ ജാഫർ സാദിഖ് പിന്നീട് മുംബൈ, പുണെ വഴി ജയ്പുരിലേക്ക് കടന്നിരുന്നു.
നാലുമാസത്തെ അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് സംഘത്തെ അധികൃതർ കണ്ടെത്തിയത്. ഡൽഹി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും ഉടൻതന്നെ ഓസ്‌ട്രേലിയയിലേക്ക് ഇവർ രാസവസ്തുക്കൾ കടത്താൻ പദ്ധതിയിടുന്നുണ്ടെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. ഇതിനുപിന്നാലെയാണ് പശ്ചിമ ഡൽഹിയിലെ ഗോഡൗണിൽ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്.
മയക്കുമരുന്ന് നിർമാണത്തിനുള്ള രാസവസ്തുകൾ വൻതോതിൽ തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്നതായി ന്യൂസിലാൻഡ് കസ്റ്റംസും ഓസ്‌ട്രേലിയൻ പോലീസും നേരത്തെ എൻ.സി.ബി.യെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ന്യൂസിലാൻഡ്, ഓസ്‌ട്രേലിയൻ അന്വേഷണ ഏജൻസികളുമായി ചേർന്ന് എൻ.സി.ബി. സംഘം അന്വേഷണം ആരംഭിച്ചത്. തുടർന്ന് യു.എസ്. ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ ഇതുസംബന്ധിച്ച ചില സൂചനകൾ എൻ.സി.ബി.ക്ക് കൈമാറി.
മൂന്നുവർഷത്തിനിടെ ഏകദേശം 45 തവണ മയക്കുമരുന്ന് നിർമാണത്തിനുള്ള രാസവസ്തുക്കൾ വിദേശത്തേക്ക് കടത്തിയതായി ചോദ്യംചെയ്യലിൽ പ്രതികൾ മൊഴി നൽകി. അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലവരുന്ന 3500 കിലോ സ്യൂഡോഎഫെഡ്രിനാണ് ഇത്തരത്തിൽ പലതവണകളായി വിദേശരാജ്യങ്ങളിലേക്ക് കടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു.