കൊച്ചി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന മുന്നൂറു കോടി രൂപയുടെ തട്ടിപ്പിൽ കൂടുതൽ സി പി എം നേതാക്കൾ അറസ്ററിലാവുമെന്ന് വ്യക്തമാവുന്നു.
സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇഡി) തൃശ്സൂരിൽ നിന്ന് അറസ്ററ് ചെയ്തു.
കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. സി പി എം സംസ്ഥാന കമ്മിററി അംഗം എ സി മോയ്തീൻ്റെ വിശ്വസ്ഥനാണ് അരവിന്ദാക്ഷൻ എന്ന് പറയുന്നു.ഇ ഡി ആവശ്യപ്പെട്ടിട്ടും മൊയ്തീൻ ഇതുവരെ മൊഴി നൽകാൻ എത്തിയിട്ടില്ല.
അത്താണി ലോക്കല്‍ കമ്മറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനും കൂടിയാണ് അരവിന്ദാക്ഷൻ. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ സിപിഎം നേതാവാണ് ഇദ്ദേഹം.
കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്നും ചോദ്യം ചെയ്യലിന് ശേഷം കണ്ണൻ പറഞ്ഞു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ കണ്ണന് നോട്ടീസ് കൊടുത്തു.
കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പി പി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് കണ്ണനെ ചോദ്യം ചെയ്തത്. കണ്ണൻ അദ്ധ്യക്ഷനായ അയ്യന്തോൾ സഹകരണ ബാങ്കിലെ സതീഷ് കുമാറിന്‍റെ ബിനാമി നിക്ഷേപത്തിൽ നിന്നും കിരണിന് വേണ്ടി കരുവന്നൂർ ബാങ്കിലേക്ക് പോയ പണത്തിലാണ് ഇഡിയുടെ സംശയങ്ങൾ.
പണമിടപാടിന്‍റെ രേഖകൾ ഇഡി കണ്ടെടുത്തിരുന്നു. ഈ പണമിടപാടുകൾ സംബന്ധിച്ച് പിന്നീട് സതീഷ് കുമാറും കിരണും തമ്മിൽ പൊലീസ് കേസുണ്ടാവുകയും മുൻ മന്ത്രി എ സി മൊയ്തീൻ എം എൽ എ, കണ്ണൻ എന്നിവർ അടക്കമുള്ളവർ പ്രശ്ന പരിഹാരത്തിന് ഇടപെട്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
കേസിൽ നിലവിൽ സിപിഎമ്മിന്‍റെ രണ്ട് സംസ്ഥാന സമിതി അംഗങ്ങളാണ് ഇഡി അന്വേഷണ നിഴലിലുള്ളത്. കേസിൽ മൊയ്തീനിനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് കണ്ണനെയും വിളിപ്പിച്ചത്. കണ്ണനുമായി ബന്ധപ്പെട്ട ഇനിയുള്ള നടപടികൾ മൊയ്തീനെ സംബന്ധിച്ചും നിർണ്ണായകമാണ്.
തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എൻ ബി ബിനു, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ജിൽസ്, മുഖ്യപ്രതി സതീശ് കുമാറിന്‍റെ ഭാര്യ ബിന്ദു എന്നിവരെ ഇ ഡി
വിളിച്ചുവരുത്തിയിരുന്നു.