സി പി എം കേരള ഘടകത്തെ കയറൂരി വിടേണ്ടെന്ന് കേന്ദ്ര നേതൃത്വം

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ വ്യക്തമായ കാരണങ്ങൾ കണ്ടെത്താൻ സി പി എം കേന്ദ്ര നേതൃത്വത്തിന് ഇനിയും കഴിയുന്നില്ല. അത് വിശദമായി പഠിക്കാനാണ് കേന്ദ്ര കമ്മിററിയുടെ തീരുമാനം.

ഭരണ വിരുദ്ധ വികാരം, ജനങ്ങളുടെ വിരോധം, മത സാമുദായിക സംഘടനകളുടെ എതിർപ്പ്,അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിലെ വോട്ട് ചോർച്ച,മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രവർത്തന ശൈലി എന്നിവയെല്ലാം മാരകമായ തോൽവിക്ക് വഴിയൊരുക്കി എന്ന് കമ്മിററിയിൽ വിമർശനങ്ങൾ ഉയർന്നു.

തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരം ഇടയാക്കിയില്ല എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. എന്നാൽ തിരിച്ചടിക്ക് ഇത് ഇടയാക്കി എന്ന വികാരമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്. ഭരണവിരുദ്ധ വികാരം കാരണമായെങ്കിൽ അതും വിലയിരുത്തണം എന്നാണ് നിർദ്ദേശം. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഇതിന് ഇടയാക്കിയത് എന്ന വാദത്തോട് പല കേന്ദ്ര നേതാക്കൾക്കും യോജിപ്പില്ല. സമുദായ സംഘടനകളുടെ നിലപാടിന് പ്രാധാന്യം നൽകി കേരളം തയ്യാറാക്കിയ അവലോകനവും കേന്ദ്ര നേതൃത്വം തള്ളിയിരുന്നു.

കാരണങ്ങൾ പഠിക്കാൻ സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളുമെത്തും. തിരുത്തലിനു വേണ്ട മാർഗനിർദേശം കേന്ദ്ര നേതൃത്വം തയാറാക്കിയേക്കും.പിണറായി വിജയൻ സർക്കാരിനെതിരായ വികാരം എന്തുകൊണ്ട് ഉണ്ടായി എന്നതും പഠിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യം.എന്നാൽ അത് സംസ്ഥാന നേതൃത്വത്തിന് അത്ര സ്വീകാര്യമല്ല.

കമ്യൂണിസ്റ്റ് ആശയങ്ങള്‍ തിരികെ പിടിച്ചാല്‍ ജനങ്ങള്‍ തിരിച്ചുവരുമെന്നും കേന്ദ്ര കമ്മിറ്റി കരുതുന്നുണ്ട്. ഇന്ത്യ മുന്നണിയിൽ ചേർന്ന് കോൺഗ്രസുമായി ഒത്തുനിന്നത് കേരളത്തിൽ പാർട്ടിയെ ബാധിച്ചുവെന്ന വാദം സംസ്ഥാന ഘടകം ഉയർത്തി. എന്നാൽ ചർച്ചയിൽ കൂടുതൽ അംഗങ്ങളും ഇത് തള്ളി.കോൺഗ്രസ് കൂട്ടുകെട്ടിനെ ബംഗാൾ ഘടകം ചർച്ചയിൽ ശക്തമായി ന്യായീകരിച്ചതും കേരള നേതൃത്വത്തിന് തിരിച്ചടിയായി. പഴയതു പോലെ കേരള ഘടകം പറയുന്നത് അതേപടി അംഗീകരിച്ച് പോകേണ്ടതില്ല എന്ന നിഗമനത്തിലാണ് കേന്ദ്ര നേതൃത്വം.