തിരുവനന്തപുരം: മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് നേരെ പാർടി പിന്തുണയോടെ ജയിച്ച എം എൽ എ: പി.വി. അൻവർ നടത്തുന്ന അതീവ ഗുരുതര വെളിപ്പെടുത്തലുകളിൽ ഞെട്ടി സി പി എമ്മും സർക്കാരൂം.
ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്നാണ് എ ഡി ജി പി: അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിററിക്കൽ സെക്രട്ടറി പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ അദ്ദേഹം സ്ഥാപിക്കുന്നത്.
മലപ്പുറം എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയിലും അൻവറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. എന്നാൽ ഒതുങ്ങാൻ ഇല്ലെന്ന് പറഞ്ഞുള്ള അൻവറിന് വെല്ലുവിളി സിപിഎമ്മിനും സർക്കാറിനും ഉണ്ടാക്കുന്നത് അത്യസാധാരണ പ്രതിസന്ധിയാണ്.
ക്രമസമാധാന ചുമതലയുള്ള എഡിപജിപി എംആർ അജിത് കുമാറും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും പിണറായിയുടെ വിശ്വസ്തരാണ്. അൻവറിനറെ ഏറുകൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെയാണെന്ന് സി പി എം മനസ്സിലാക്കുന്നു.
ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞു. തലപ്പത്ത് അധോലോക ബന്ധമുള്ളവർ എന്നൊക്കെ തുറന്ന് പറയുന്നത് ഭരണപക്ഷത്തെ എംഎൽഎ തന്നെയായതിനാൽ വിശദീകരിക്കാൻ സർക്കാരിന് ഏറെ ബുദ്ധിമുട്ടുണ്ട്.
അജിത് കുമാറിനെതിരെ അൻവറിൻറെ പ്രധാന ആരോപണം ഫോൺ ചോർത്തലാണ്. താനും ഫോണുകൾ ചോർത്തി എന്ന് അൻവറും സമ്മതിക്കുന്നു എന്നതു തന്നെയാണെന്നാണ് വിചിത്രമായ കാര്യം.
ഉന്നത ഉദ്യോഗസ്ഥരുടേത് അടക്കമുള്ള ഫോണുകൾ എങ്ങിനെ ഒരു എംഎൽഎക്ക് ചോർത്താനാകുമെന്നതാണ് പ്രധാന ചോദ്യം. ഇത്രയേറെ ആരോപണം ഉന്നയിക്കാൻ അൻവറിന് പിന്നിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗം ഉണ്ടോ എന്ന സംശയങ്ങളുമുണ്ട്.
പത്തനംതിട്ട എസ് പി: സുജിത് ദാസിനെതിരായ നടപടിയിൽ എല്ലാം ഒതുക്കാൻ ശ്രമിക്കയാണ് സർക്കാർ. പക്ഷേ, അതിൽ ഒതുങ്ങുമോ കാര്യങ്ങൾ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.പി. ശശിക്കും അജിത് കുമാറിനും എതിരായ ആരോപങ്ങൾക്ക് എങ്ങനെ മറുപടി നൽകും എന്ന ചോദ്യമാണ് പാർടിയെയും സർക്കാരിനെയും കുഴപ്പിക്കുന്നത്.
എഡിജിപി: അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണെന്നാണ് അൻവർ ആരോപിക്കുന്നത്. അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നു.അജിത്ത് കുമാറിന്‍റെ ഭാര്യയെ സ്ത്രീയെന്ന പരിഗണന നൽകി ആരോപണങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാം – എന്നൊക്കെയാണ് എം എൽ എ യുടെ ആരോപണങ്ങൾ.