ഇ.പി.ജയരാജന് ശിക്ഷ: കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കി

തിരുവനന്തപുരം: സി പി എം കേന്ദ്ര സമിതി അംഗവും മുൻ മന്ത്രിയുമായ ഇ .പി.ജയരാജന് രാഷ്ടീയ പടിയിറക്കം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർടിയേയും ഇടതുമുന്നണിയേയും വെട്ടിലാക്കിയ വാക്കും പ്രവൃത്തിയും അദ്ദേഹത്തിത്തിന് തിരിച്ചടിയായി. കണ്ണൂരിലെ പാർടിയിലെ കരുത്തന്മാരിൽ ഒരാളെന്ന് കരുതുന്ന ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാൻ പാർടി നേതൃത്വം തീരുമാനമെടുത്തു.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്.അദ്ദേഹം കേന്ദ്രസമിതി അംഗമായതിനാല്‍ ശിക്ഷാനടപടി അറിയിക്കുക ഡൽഹിയിൽ നിന്നായിരിക്കും.

പകരം മുന്‍മന്ത്രിയുമായ എ.കെ ബാലന്റെ പേരാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അല്ലെങ്കില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, മുന്‍ മന്ത്രി,കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ നല്ല പ്രവർത്തനം കാഴ്ച വെച്ച ടി.പി രാമകൃഷ്ണന് ചുമതല നല്‍കിയേക്കും.

ജയരാജനെതിരെ കടുത്ത വിമര്‍ശനമാണ് സി.പി.എമ്മില്‍ ഉയര്‍ന്നത്.ബി.ജെ.പിയുടെ കേരള സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം അത് ജയരാജൻ സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു.

ജയരാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷമായ ഭാഷയില്‍ പരസ്യവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നും ‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടു’മെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ബിജെപിയിൽ ചേരാൻ നേതാക്കളുമായി ഇ.പി ചർച്ച നടത്തിയെന്ന ആരോപണം പിണറായിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തള്ളിയിരുന്നു. എന്നാൽ  തിരഞ്ഞെടുപ്പ് സമയത്തും പോലും അദ്ദേഹം കാണിച്ച  ജാഗ്രതക്കുറവിനെ നേതൃത്വം ഗൗരവത്തിലെടുത്തതിന്റെ തെളിവാണ് പുറത്താക്കൽ നടപടി. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധവും ജയരാജ് വിനയായി.

പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ .ഗോവിന്ദൻ  സംസ്ഥാന സെക്രട്ടറിയായ ശേഷം ജയരാജൻ പലതവണ നേതൃത്വവുമായി പിണങ്ങിയിരുന്നു. എൽ ഡി എഫ് യോഗങ്ങളിൽ നിന്ന് അദ്ദേഹം വിട്ടൂ നിൽക്കുന്നതും പതിവായിരുന്നു

സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കുന്നതിന്റെ തൊട്ടുതലേന്നാണ് ജയരാജന് സ്ഥാനം സമ്മേളനം തുടങ്ങിക്കഴിഞ്ഞാല്‍ പാര്‍ട്ടി രീതിയനുസരിച്ച് സംസ്ഥാന സമ്മേളനം കഴിയുന്നവരെ നടപടികളുണ്ടാകാറില്ല.