നൂറു കമ്പനികളുടെ ചുമ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല

ന്യൂഡല്‍ഹി: നൂറു കമ്പനികളുടെ ചുമ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

ചിലവയിൽ ജീവന് ദോഷകരമായ ഘടകങ്ങളുണ്ടെന്നും മനസ്സിലായി.ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍, ആരോഗ്യമന്ത്രാലയത്തിന് കൈമാറി.

7,000 ബാച്ച്‌ ചുമ മരുന്നുകള്‍ പരിശോധിച്ചപ്പോള്‍ 353 ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഒൻപത് ബാച്ച്‌ മരുന്നുകളില്‍ ദോഷകരമായ ഡൈ എത്തിലീൻ ഗ്ലൈക്കോള്‍,എത്തിലീൻ ഗ്ലൈക്കോള്‍ തുടങ്ങിയ ഘടകങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇവ രണ്ടും ഛർദ്ദി, ഹൃദയാഘാതം, രക്തചംക്രമണവ്യൂഹത്തിലെ പ്രശ്നങ്ങള്‍, വൃക്കസംബന്ധമായ അസുഖം എന്നിവയ്‌ക്ക് കാരണമാകും. പരിശോധനയ്‌ക്ക് പിന്നാലെ ഒന്നരവർഷത്തിനിടെ 144 മരുന്നുത്പാദന യൂണിറ്റുകള്‍ പൂട്ടി.

ഗാംബിയ, ഉസ്‌ബെക്കിസ്ഥാൻ, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യൻ ചുമ മരുന്നുമായി ബന്ധപ്പെട്ട് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം നടപടി ശക്തമാക്കിയത്.