മോസ്കോ: റഷ്യയിൽ തലസ്ഥാനമായ മോസ്കോയിൽ ഇസ്ലാമിക് സ്റേറററ് നടത്തിയ ആക്രമണത്തിൽ 150 പേര്‍ മരിച്ചു. 180 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെ ഭീകരർ നിറയൊഴിക്കുകയായിരുന്നു.
വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സൈനികരുടെ വേഷത്തിലെത്തിയ അക്രമികളിൽ 11 പേർ പിടിയിലായതായി റിപ്പോർട്ടുണ്ട്. ശേഷിച്ചവർക്കായി തെരച്ചിൽ തുടരുകയാണ്.
വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലാണ് സംഗീത പരിപാടി നടന്നത്. സംഭവസ്ഥലത്ത് ആറായിരത്തോളം പേർ ഉണ്ടായിരുന്നു. വാരാന്ത്യത്തിൽ നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്‌കോ മേയര്‍ അറിയിച്ചു.
ആക്രമണത്തെ അപലപിച്ച ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. അമേരിക്ക, ഫ്രാന്‍സ്, സ്പെയിൻ, ഇറ്റലി അടക്കമുള്ള രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.