ഏക സിവില്‍ കോഡ് അഞ്ചു വര്‍ഷത്തിനുള്ളില്‍: അമിത് ഷാ

ന്യൂഡല്‍ഹി: ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അഞ്ചു വർഷത്തിനുള്ളില്‍ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ‘ എന്ന ആശയത്തില്‍ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടത്തും.

ഭരണഘടനയുടെ സ്രഷ്ടാക്കള്‍, സ്വാതന്ത്ര്യം നേടിയതു മുതല്‍ പാർലമെന്റിനും നിയമസഭകള്‍ക്കും വിട്ടുകൊടുത്ത ഉത്തരവാദിത്വമാണ് ഏക സിവില്‍ കോഡ് എന്ന് വാർത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാ രൂപീകരണസമയത്ത് കെ.എം.മുൻഷി, ബി.ആർ.അംബേദ്കർ തുടങ്ങിയ നിയമപണ്ഡിതർ രാജ്യത്ത് മതാടിസ്ഥാനത്തില്‍ നിയമങ്ങള്‍ ഉണ്ടാവരുതെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഏക സിവില്‍കോഡ് ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ ഉത്തരാഖണ്ഡില്‍ നടപ്പിലാക്കിയ ഏക സിവില്‍ കോഡ് സാമൂഹികവും നിയമപരവുമായ പരിശോധനയ്ക്ക് വിധേയമാക്കണം.മതമേലദ്ധ്യക്ഷന്മാരുമായി കൂടിയാലോചിച്ച്‌ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും അമിത് ഷാ നിർദേശിച്ചു.

ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെക്കുറിച്ച് പഠിക്കാനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.