January 14, 2025 3:58 pm

മാസപ്പടിക്കേസിൽ 185 കോടിയുടെ കള്ളപ്പണ ഇടപാട്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സും ആലുവയിലെ വിവാദ വ്യവസായി ശശിധരൻ കർത്തയുടെ കരിമണൽ കമ്പനിയായ സി.എം.ആര്‍.എലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ 185 കോടിയുടെ അനധികൃത പണമിടപാട്‌ നടന്നുവെന്ന് കേന്ദ്ര സർക്കാർ.

ഡല്‍ഹി ഹൈക്കോടതിയില്‍ ആദായ നികുതി വകുപ്പും എസ്.ഐഫ്.ഐ.ഓയും വാദങ്ങള്‍ എഴുതി നല്‍കി. 185 കോടിയുടെ അനധികൃത പണമിടപാട്‌ സി.എം.ആര്‍.എല്‍. നടത്തിയെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. കേസില്‍ ജനുവരി 20-ന് ആണ് വിധി.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കാന്‍ ഈ പണം ചെലവഴിച്ചു. ഇത് സി.എം.ആര്‍.എല്‍. ചെലവ് പെരുപ്പിച്ച് കാണിച്ച് കണക്കില്‍പ്പെടുത്തി. ചരക്കുനീക്കത്തിനും മാലിന്യനിര്‍മാര്‍ജനത്തിലും കോടികള്‍ ചെലവിട്ട് വ്യാജബില്ലുകള്‍ ഉള്‍പ്പെടുത്തിയെന്നും മൊഴിയിലുണ്ട്.

കോർപറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സങ്കൽപ്പത്തിനപ്പുറമുള്ള അഴിമതിയാണ് നടന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്ര സർക്കാരും ആദായനികുതി വകുപ്പും അറിയിച്ചു.നിയമം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനാകുമെന്ന് ആദായനികുതി വകുപ്പ് ബോധിപ്പിച്ചു.

എസ്.എഫ്.ഐ.ഒ. അന്വേഷണം ചോദ്യംചെയ്ത് സി.എം.ആര്‍.എല്‍. ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരുന്നു. ജസ്റ്റിസ് ചന്ദ്രധാരി സിങ്ങിന്റെ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേന്ദ്രത്തോടും ആദായ നികുതി വകുപ്പിനോടും വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News