നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷണം സി ബി ഐയ്ക്ക്

ന്യൂഡൽഹി: ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും പേപ്പർ ചോർച്ചയും സി ബി ഐ അന്വേഷിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.

പരീക്ഷാഫലം വന്നയുടൻ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. 67-ലധികം വിദ്യാർത്ഥികൾ പരമാവധി മാർക്ക് നേടി. അവരിൽ ചിലർ ഒരേ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നായിരുന്നു.

പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ ബീഹാറിൽ ക്രമക്കേടുകളും പേപ്പർ ചോർച്ചയും കണ്ടെത്തി. കൂടാതെ പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പറുകൾ ലഭിച്ചെന്ന് അവകാശപ്പെട്ട് ചില ഉദ്യോഗാർത്ഥികളും പരസ്യമായി രംഗത്തെത്തിയിരുന്നു.

ഈ വർഷം ജൂൺ 18 ന് നടത്തുകയും രണ്ട് ദിവസത്തിന് ശേഷം ജൂൺ 20 ന് റദ്ദാക്കുകയും ചെയ്ത യുജിസി നെറ്റ് പരീക്ഷയുടെ നടത്തിപ്പും സിബിഐ അന്വേഷിക്കുന്നുണ്ട് . ജൂൺ 20നാണ് കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

എൻടിഎയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും പരീക്ഷാ പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്യുന്നതിനുമായി ഐ എസ് ആർ ഒ മുൻ മേധാവി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ ഏഴംഗ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്.