ബോംബ് നിർമാണം ; ഡൊമിനിക് മാർട്ടിൻ സംശയ നിഴലിൽ

In Main Story
November 01, 2023

കൊച്ചി: യഹോവയുടെ  സാക്ഷികളുടെ കൺവെൻഷനിൽ സ്ഫോടനം നടത്തിയ ബോംബുകൾ   യൂ ട്യൂബ് നോക്കി നിർമ്മിക്കാൻ കഴിയുന്നതരത്തിലുള്ളതല്ല എന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു.

ആദ്യശ്രമത്തിൽത്തന്നെ ഉഗ്രശേഷിയുള്ള ബോംബ് വിജയകരമായി നിർമ്മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഒരാൾക്ക് തനിച്ച് കഴിയില്ലെന്നാണ് വിലയിരുത്തൽ.ഒരു മാസം മുമ്പാണ് ഡൊമിനിക് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഇതിനിടയിൽ ബോംബുണ്ടാക്കാൻ പഠിച്ചെന്നത് അവിശ്വസനീയം.

എൻ.എസ്.ജിയുടെ ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദ്ധർ ബോംബിന്റെ അവശിഷ്ടങ്ങൾ വിശദമായി പരിശോധിച്ചിട്ടുണ്ട്.

സ്ഫോടനം നടത്തിയ പ്രതി ഡൊമിനിക് മാർട്ടിൻ വിദേശരാജ്യത്തെ ചില സംഘടനകളുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് പിടിവള്ളിയാവും.

ഡൊമിനിക്കിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് സൂചനകൾ ലഭിച്ചത്. പ്രതിയെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ റിമാൻഡ് ചെയ്തു. കേസ് സ്വയം വാദിക്കാനുള്ള തീരുമാനത്തിലാണ് ഡൊമിനിക്.

നെടുമ്പാശേരി അത്താണിയിലെ ഫ്ളാറ്റിൽ പ്രതിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ ബോംബുണ്ടാക്കാൻ ഉപയോഗിച്ച ഇലക്ട്രിക് വയറിന്റെ കഷണങ്ങൾ, ബാറ്ററി, പെട്രോൾ വാങ്ങാൻ ഉപയോഗിച്ച കുപ്പികൾ എന്നിവ ലഭിച്ചു. ദേശീയപാതയോടു ചേർന്നുള്ള ഫ്ലാറ്റിന്റെ ടെറസിൽ വച്ചാണ് ബോംബ് ഉണ്ടാക്കിയത്.

റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ), നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി), ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്‌ഫോടന ദിവസം മുതൽ പരിശോധനകൾ നടത്തിയിരുന്നു.

സ്‌ഫോടന സ്ഥലത്തെ പരിശോധനകളുടെ അ‌ടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യും.ഡൊമിനിക് ഉപയോഗിച്ച മൊബൈൽ ഫോൺ, ഇ മെയിലുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഫോണിലുൾപ്പെടെ ബന്ധപ്പെട്ടവരുടെ വിവരങ്ങളും പരിശോധിക്കും.

സ്‌ഫോടനം നടന്ന ഞായറാഴ്ച കൺവെൻഷൻ സെന്റർ മേഖലയിൽ നിന്നുള്ള മൊബൈൽ ഫോൺ വിളികളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സമീപദിവസങ്ങളിൽ ഡൊമിനിക്കിനെ ഫോണിൽ ബന്ധപ്പെട്ടവരെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.