കൊച്ചി: നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി.
അതേസമയം, ജാമ്യം ലഭിച്ചശേഷവും ജയിലിലിൽനിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ ബോബിയുടെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി സ്വീകരിച്ചു. നാക്കുപിഴയാണ് ഉണ്ടായതെന്നും അതിനാൽ തുടർനടപടികൾ ഉണ്ടാകരുതെന്നുമുള്ള ബോബി ചെമ്മണ്ണൂരിന്റെ അപേക്ഷ കോടതി സ്വീകരിച്ചു.
ബോബി പുറത്തിറങ്ങാത്തതിൽ ഒരു ന്യായീകരണവും ഇല്ല.അദ്ദേഹത്തിനു വേണി ഹാജരായ സീനിയർ കൗൺസിൽ ബി.രാമൻ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല എന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ബോബി ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ് പറയുക ആണോ ചെയ്തത് എന്ന് പരിശോധിക്കണം. അതോ റിമാൻഡ് പ്രതികൾക്ക് വേണ്ടിയാണ് താൻ അകത്ത് തുടർന്നത് എന്ന് പറഞ്ഞോ എന്നും പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
നേരത്തെ, വേണ്ടി വന്നാൽ ബോബിയുടെ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്. കഥമെനയാൻ ശ്രമിക്കുകയാണോയെന്നും കോടതി ചോദിച്ചിരുന്നു. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമിക്കുന്നതെന്നും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു. ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിൽ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളിൽ ബോബി പുറത്തിറങ്ങാൻ തയ്യാറായത്.
സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു.
ജാമ്യവുമായി ബന്ധപ്പെട്ട് ഇന്നു മൂന്നാം തവണയാണ് കോടതി ബോബിയുടെ അഭിഭാഷകരെ വിളിച്ചു വരുത്തി സംസാരിച്ചത്. കോടതി ഉയർത്തിയ എല്ലാ ആശങ്കകളും തങ്ങളും പങ്കുവയ്ക്കുന്നെന്ന് അഭിഭാഷകർ വ്യക്തമാക്കി.
സംഭവിച്ചതിൽ ബോബിക്ക് നല്ല വിഷമമുണ്ട്. നിരുപാധികം മാപ്പുപേക്ഷിക്കുന്നു. ജയിലിൽനിന്നു പുറത്തിറങ്ങിയപ്പോൾ നിറയെ മാധ്യമപ്രവർത്തകരായിരുന്നു. അപ്പോൾ സംഭവിച്ച നാക്കുപിഴയായി കണ്ട് നടപടികളൊന്നും സ്വീകരിക്കരുതെന്ന് ബോബിയുടെ അഭിഭാഷകർ കോടതിയോട് പറഞ്ഞു. ബോബിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യുന്നതിലേക്ക് വരെ തങ്ങൾക്ക് കടക്കേണ്ടി വരുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
‘‘രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ഒരു മാസത്തിനുള്ളിൽ വിചാരണ തുടങ്ങാനും ഉത്തരവിടും. അയാൾക്കു പിന്നെ തടവുകാർക്കൊപ്പം ഇഷ്ടംപോലെ സമയം ചെലവിടാമല്ലോ. കോടതിയോടു യുദ്ധപ്രഖ്യാപനം നടത്തുകയാണല്ലേ? ഹൈക്കോടതിയോടാണ് കളിക്കുന്നത്’’, കോടതി ഓർമ്മിപ്പിച്ചു.