January 10, 2025 4:28 am

ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; ജയിലിലേക്ക്

കൊച്ചി : സിനിമ നടി ഹണി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന് ആരോപിക്കുന്ന കേസിൽ വ്യവസായിയും ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് ഉടമയുമായ ബോബി ചെമ്മണ്ണൂരിന് എറണാകുളം സിജെഎം കോടതി ജാമ്യം നിഷേധിച്ചു. അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

തനിക്ക് രക്തസമ്മർദ്ദം ഉണ്ടെന്നും, ദേഹാസ്വസ്ഥ്യം ഉണ്ടെന്നും ബോബി കോടതിയെ അറിയിച്ചു. കോടതി മുറിയിൽ തന്നെ വിശ്രമിക്കാൻ കോടതി അനുവദിച്ചിട്ടുണ്ട്.

ബോബി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിരുന്നു.പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം ചുമത്തിയ വകുപ്പുകള്‍ ജാമ്യം നിഷേധിക്കാന്‍ പോന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ മോശമായി സംസാരിച്ചിട്ടില്ലെന്നും കേസിന് ആസ്പദമായ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിഭാഗവും ബോധിപ്പിച്ചു.

ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് കേസ് എന്ന് പ്രതിഭാഗം പറഞ്ഞു. അതിനാല്‍ മുഴുവന്‍ ദൃശ്യങ്ങളും കാണണമെന്നും പ്രതിഭാഗം പറഞ്ഞു. പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് അതൊരു പ്രോത്സാഹനമാകുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് കൂടി തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

പല അഭിമുഖങ്ങളിലും ബോബി ചെമ്മണ്ണൂര്‍ മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതായി പ്രോസിക്യൂഷന്‍ പറഞ്ഞു. ലൈംഗിക ചുവയോടെ സ്ത്രീ ശരീരത്തെ വര്‍ണ്ണിക്കുന്നത് ലൈംഗിക അതിക്രമം തന്നെയാണ്. കുന്തി ദേവിയായി അഭിനയിച്ച നടിയെ പോലെയുണ്ട് ഹണിയെ കാണാന്‍ എന്നാണ് പറഞ്ഞതെന്ന് പ്രതിഭാഗം പറഞ്ഞു. പ്രതി മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ജാമ്യം നല്‍കിയാല്‍ നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാട് ബോബി ചെമ്മണ്ണൂർ ആവർത്തിച്ചു.എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഈ പ്രതികരണം.

ഇതിനിടെ, തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്കൊരുങ്ങുകയാണ് ഹണി റോസ്. ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള വാക്കുകളും, മോശം തമ്പുകളും ഉപയോഗിച്ച, ഇരുപതോളം യൂട്യൂബർമാരുടെ പേരുകൾ നടി പൊലീസിന് ഉടൻ കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News