നാഗ്പൂർ :നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രൂപീകരണത്തിന് ശേഷം ആർ.എസ്.എസിൽ നിന്നുള്ള ആദ്യ പ്രതികരണം പുറത്ത് വന്നു. ഒരു യഥാർത്ഥ സേവകൻ അഹങ്കാരിയാവരുതെന്നും, അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ട് ജനങ്ങളെ സേവിക്കുമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു.
ലോക്‌സഭയിൽ ബി ജെ പി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ പുറത്തുവന്ന ഈ വാക്കുകൾ വ്യാപകമായി ചർച്ചയാവുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണ് ‘അഹങ്കാരി’ ആവരുത് എന്ന പ്രയോഗം നടത്തിയതെന്ന് നിരീക്ഷകർ കരുതുന്നു.
ഒരു യഥാർത്ഥ ‘സേവകൻ’മാന്യത കാത്തുസൂക്ഷിക്കന്നവനാണെന്ന് സർ സംഘചാലക് ഓർമ്മിപ്പിച്ചു.
ജോലി ചെയ്യുമ്പോൾ അവൻ അത് അഭിമാനത്തോടെ ചെയ്യുന്നു. ‘ഞാൻ ഈ ജോലി ചെയ്തു’ എന്ന് പറയാനുള്ള അഹങ്കാരം അവനുണ്ടാവാൻ പാടില്ല. അങ്ങനെയുള്ള വ്യക്തിയെ മാത്രമേ ‘യഥാർത്ഥ സേവകൻ’ എന്ന് വിശേഷിപ്പിക്കാൻ കഴിയൂ. നാഗ്പൂരിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ പ്രചാരണത്തിൻ്റെ ഒരു ഘട്ടത്തിൽ യാതൊരു മര്യാദകളും പുലർത്തിയില്ല. ആർ.എസ്.എസുകാരെപ്പോലും ഇതിലേക്ക് വലിച്ചിഴച്ചു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആളുകൾ പരസ്പരം
ആക്രമിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി ശരിയല്ല. ജനാധിപത്യ ചട്ടക്കൂടിൽ പ്രതിപക്ഷത്തിൻ്റെ പങ്കിനെ മാനിക്കുക തന്നെ വേണം. അവരെ ശത്രുക്കളായി കാണരുത്.
സർക്കാരും പ്രതിപക്ഷവും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാവാം. എന്നാൽ ജനങ്ങൾക്ക് വേണ്ടി ഒരുമിച്ച് നിൽക്കുകയും പ്രവർത്തിക്കുകയും വേണം. തിരഞ്ഞെടുപ്പ് എന്നത് സമവായമുണ്ടാക്കാനുള്ള പ്രക്രിയയാണ്. ഏത് വിഷയത്തിലും രണ്ട് വശങ്ങൾ ഉണ്ട്. പാർലമെൻ്റിൽ അവ അവതരിപ്പിക്കാൻ കഴിയണം. ചർച്ച ചെയ്യാൻ സാഹചര്യം ഒരുക്കണം.
ലോകമെമ്പാടും, സമൂഹം മാറി, അതിൻ്റെ ഫലമായി വ്യവസ്ഥാപരമായ മാറ്റമുണ്ട്.അതാണ് ജനാധിപത്യത്തിൻ്റെ സത്ത.തിരഞ്ഞെടുപ്പ് തർക്കങ്ങൾ ഒഴിവാക്കി മണിപ്പൂർ സംഘർഷം പരിഹരിക്കാൻ ആണ് ഇനി കേന്ദ്ര സർക്കാർ നീക്കം നടത്തേണ്ടതാണെന്നും മോഹൻ ഭാഗവത് നിർദേശിച്ചു.