കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സഹകരണ പ്രസ്ഥാനത്തിനേറ്റ കറുത്ത പാട്

In Main Story, Special Story
September 24, 2023

കണ്ണൂർ: “സഹകരണ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണം. അടിക്കാൻ വടി നമ്മൾ തന്നെ ചെത്തിയിട്ട് കൊടുക്കരുത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പെന്ന് സ്പീക്കർ  എഎൻ ഷംസീർ പറഞ്ഞു. കണ്ണൂർ പട്ടുവം സഹകരണ ബാങ്കിന്റെ ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്താണ് സ്പീക്കറുടെ പരാമർശം.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഒരു തെറ്റിനെയും പൂഴ്ത്തിവയ്ക്കാനില്ല. തെറ്റ് തിരുത്തൽ നടപടിയെടുത്തുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ഇത് സിപിഎം കൊള്ളയെന്ന് വരുത്താനുള്ള നീക്കത്തെ തുറന്നുകാട്ടും.

ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ല. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകർക്കാൻ വച്ച പാത്രം മാറ്റിക്കോ. അതിനു വഴങ്ങാൻ മനസ്സില്ല. ജനങ്ങളെ മുൻനിർത്തി പ്രതിരോധിക്കും. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിന്റെ ഭാഗമായി സിപിഎം നേതാക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. ഇഡിയുമായി പ്ലാൻ ചെയ്ത് ഇത് സിപിഎം നടത്തുന്ന കൊള്ളയാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. മാധ്യമ ശ്യംഖല ഇഡിയുടെ ഈ അജണ്ട അനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.