ബംഗ്ലാദേശ് കലാപം: ഹോട്ടലിന് തീയിട്ടു: 24 പേരെ ചുട്ടുകൊന്നു

ധാക്ക: കലാപകാരികൾ ഹോട്ടൽ തീവെച്ചപ്പോൾ, ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേർ വെന്തുമരിച്ചു.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ്  തീയിട്ടത്.

പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തെങ്കിലും കലാപം തുടരുകയാണ്.

അതിനിടെ ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുകയാണ്.ബംഗ്ലദേശ് ജനസംഖ്യയുടെ 8% ഹിന്ദുക്കളാണ്.

നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ഹിന്ദു അസോസിയേഷൻ വക്താവ് അറിയിച്ചു

 

.Bangladesh crisis: Mob sets hotel on fire; 24 burnt alive

ആക്രമണസാധ്യതയുള്ള മേഖലകളിൽ വിദ്യാർഥികളും ജനങ്ങളും കാവൽ നിൽക്കുകയാണ്.ധാക്കയിലെ ധാക്കേശ്വരി ദേശീയക്ഷേത്രം ആക്രമിക്കുന്നത് തടയാൻ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്‌ലിങ്ങളും കാവൽ നിൽക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹിന്ദു സംഗീതജ്ഞൻ രാഹുല്‍ ആനന്ദയുടെ വീട് കൊള്ളയടിച്ച്‌ തീയിട്ടു. ധാക്കയിലെ ധൻമോണ്ടി 32-ല്‍ സ്ഥിതി ചെയ്യുന്ന സംഗീതജ്ഞൻ്റെ വസതി തിങ്കളാഴ്ച ഉച്ചയോടെയാണ് ജനക്കൂട്ടം ആക്രമിച്ചത്. ആനന്ദയും ഭാര്യയും അവരുടെ മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ അക്രമികള്‍വീട്ടില്‍ കണ്ടതെല്ലാം കൊള്ളയടിച്ചു.

ആള്‍ക്കൂട്ടം വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ആനന്ദയുടെ 3000-ത്തിലധികം വരുന്ന സംഗീതോപകരണങ്ങളുടെ വിപുലമായ ശേഖരം ഉള്‍പ്പെടെ വീട് മുഴുവൻ നശിപ്പിക്കുകയും ചെയ്തു.സംഗീതജ്ഞനും ഗാനരചയിതാവും ഗായകനുമായ രാഹുല്‍ ആനന്ദ ധാക്കയില്‍ ജോലർ ഗാന് എന്ന പേരില്‍ ഒരു ജനപ്രിയ നാടോടി ബാൻഡ് നടത്തുന്നുണ്ട്

അതേസമയം, ബംഗ്ലദേശിൽനിന്ന് 6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ പ്രത്യേക ചാർട്ടർ വിമാനത്തിൽ ധാക്കയിൽനിന്ന് ഡൽഹിയിലെത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു.

എയർ ഇന്ത്യയുടെ A321 എന്ന വിമാനമാണ് സർവീസ് നടത്തിയത്. രണ്ട് പ്രതിദിന സർവീസുകളാണ് ധാക്കയില്‍ നിന്നും എയർ ഇന്ത്യ ഡല്‍ഹിയിലേക്ക് നടത്തുന്നത്. ഇതിന് പുറമെ വിസ്താരയുടെയും ഇൻഡിഗോയുടെയും വിമാനങ്ങള്‍ ധാക്കയില്‍ നിന്നും ഇന്ത്യയിലേക്ക് സർവീസ് നടത്തും.

മുംബൈയില്‍ നിന്ന് പ്രതിദിന സർവീസുകളും ഡല്‍ഹിയില്‍ നിന്ന് ധാക്കയിലേക്ക് ആഴ്ചയില്‍ മൂന്ന് സർവീസുകളുമാണ് വിസ്താര നടത്തുന്നത്. ഡല്‍ഹി, മുബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ധാക്കയിലേക്ക് ഇൻഡിഗോയ്‌ക്കും പ്രതിദിന സർവീസുണ്ട്.