പ്രധാനമന്ത്രി ഹസീന മുങ്ങി: ബംഗ്ലാദേശ് പട്ടാള ഭരണത്തിലേക്ക് ?

ധാക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ട് ഇന്ത്യയിൽ എത്തിയതിനു പിന്നാലെ ബംഗ്ലാദേശിൽ സ്ഥിതി വഷളാവുന്നു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൈനിക മേധാവി വക്കര്‍ ഉസ് സമാന്‍ പ്രഖ്യാപിച്ചു.

Bangladesh prime minister is ousted after weeks of deadly protests

പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ചു കയറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു. ധാക്കയിലെ തെരുവുകൾ ബംഗ്ലാദേശ് പതാകയേന്തിയ പ്രക്ഷോഭകര്‍ കയ്യടക്കി.നാല് ലക്ഷത്തോളം വരുന്ന ജനങ്ങൾ തെരുവുകളിലുണ്ട് എന്നാണ് കണക്ക്.

ഹസീനയുടെ ഔദ്യോഗികവസതിയില്‍ അതിക്രമിച്ചു കയറിയവര്‍ ഓഫീസിനുള്ളിലെ സാമഗ്രികള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രക്ഷോഭകര്‍ ബംഗ്ലാദേശ് മുന്‍ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമയുള്‍പ്പെടെ തകര്‍ത്തിട്ടുണ്ട്.

ഹസീനയുടെ ഔദ്യോഗിക വസതിയായ ഗാനഭബനിൽ പ്രക്ഷോഭകർ കൈയറി ഭക്ഷണം കഴിക്കുന്നതിന്റെയും വസതി നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.

പ്രക്ഷോഭകർ ഹസീനയുടെ  കട്ടിലിൽ കിടക്കുന്നതും വസ്ത്രങ്ങളും കസേരയും പാത്രങ്ങളും സാരികളും പരവതാനികളുമെല്ലാം കടത്തിക്കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലുണ്ട്.

രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ ഒരു പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സൈനിക മേധാവി വക്കര്‍ ഉസ് സമാന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാരിനെ ആര് നയിക്കുമെന്ന സൂചനകള്‍ അദ്ദേഹം നല്‍കിയിട്ടില്ല.

ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ തുടക്കം. ഞായറാഴ്ചത്തെ മാത്രം അക്രമങ്ങളില്‍ 14 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 98 പേരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നത് സംഘര്‍ഷം രൂക്ഷമാക്കുകയായിരുന്നു.

1971ലെ ബംഗ്ലാദേശ് സ്വാന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ നേരത്തെ നല്‍കിയിരുന്ന 30 ശതമാനം സംവരണം ബംഗ്ലാദേശ് സുപ്രീംകോടതി വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ തുടക്കം.

More than 100,000 protest to demand Bangladesh PM step down - World - Business Recorder

2018-ല്‍ ഈ സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ ശക്തമായ സമരം നടക്കുകയും സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്കു മുന്നില്‍ വഴങ്ങുകയും ചെയ്തതായിരുന്നു. അന്ന് സര്‍ക്കാര്‍ പിന്‍വലിച്ച സംവരണം ജൂണ്‍ മാസം സുപ്രീംകോടതി വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരികയായിരുന്നു. അതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിലേക്ക് കടന്നു.

സമരത്തെത്തുടര്‍ന്ന് നേരത്തെ മിക്കസര്‍ക്കാര്‍ ജോലികളില്‍ നിന്നും ക്വാട്ട പിന്‍വലിച്ചു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ നീക്കം താല്‍ക്കാലികമായി പ്രതിഷേധത്തെ തണുപ്പിച്ചെങ്കിലും വീണ്ടും പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു.