അയോധ്യ: പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ജനം ഒഴുകിയെത്തുമ്പോള്‍ അതിശക്തമായ സുരക്ഷയിലാണ് അയോധ്യ. ‘കുതിരപ്പട്ടാളം’ മുതല്‍ സൂപ്പര്‍ ബൈക്കുകളില്‍ റോന്തു ചുറ്റുന്ന ഭീകര വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ വരെയുള്ള സുരക്ഷയാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികളു എണ്ണായിരത്തിലേറെ വിഐപികളും ക്ഷണിക്കപ്പെട്ട അതിഥികളുമെത്തുന്ന ചടങ്ങില്‍ സുരക്ഷാവീഴ്ച്ച ഉണ്ടാവാതിരിക്കാന്‍ സേനകളുടെ നേരിട്ടുള്ള നിയന്ത്രണവുമുണ്ട്. ക്ഷണം ലഭിക്കാത്ത ഒരാളെയോ വാഹനത്തെയോ ജനുവരി 22ന് അയോധ്യ ക്ഷേത്രപരിസരത്തേക്കു കടത്തിവിടില്ല. ആകാശം വഴിയുള്ള അപകടങ്ങള്‍ തടയാന്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനവും സജ്ജം. ഇരുപതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അയോധ്യയിലെങ്ങും നിരന്നു കഴിഞ്ഞു. പോലീസും സൈന്യവും ചേര്‍ന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര സംരക്ഷണത്തിനായി യുപി സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക സുരക്ഷാ സേനയും രംഗത്തുണ്ട്.