ന്യൂഡൽഹി: അയോധ്യയിലെ ശ്രീ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് അനാവശ്യ പ്രസ്താവനകൾ നൽകരുതെന്ന് ബിജെപി മന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം.
പാർട്ടിയുടെ അന്തസ്സ് നിലനിർത്തണം.തങ്ങളുടെ നിയോജകമണ്ഡലങ്ങളിൽ സമാധാനവും ഐക്യവും നിലനിർത്താനും ഒരു തരത്തിലും ആക്രമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ജനുവരി 22നാണ് അയോധ്യയിൽ രാമക്ഷേത്രത്തിൻറെ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.പരിപാടി രാജ്യവ്യാപകമായി സംപ്രേക്ഷണം ചെയ്യുമെന്നും ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ പരിപാടിയുടെ തത്സമയ സ്‌ട്രീമിംഗും ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് 7,000-ത്തിലധികം ആളുകളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ രാമഭക്തരെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും.
ജനുവരി 22ന് ഉച്ചയ്ക്ക് 12:29നും 1:32നും ഇടയിലാണ് അയോധ്യയിൽ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. 360 അടി നീളവും 235 അടി വീതിയും 161 അടി ഉയരത്തിലുമാണ് രാമ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തയ്യാറുള്ള പാർട്ടി നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ അനുമതി നൽകിയതായി വൃത്തങ്ങൾ അറിയിച്ചിരുന്നു. പാർലമെന്റിലെ പ്രതിപക്ഷ നേതാവ് (രാജ്യസഭ), കോൺഗ്രസ് പാർലമെന്ററി ബോർഡ് ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ പരിഗണിച്ചാണ് തനിക്കും സോണിയാ ഗാന്ധിക്കും ക്ഷണം ലഭിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാരുജുൻ ഖാർഗെ സൂചിപ്പിച്ചിരുന്നു.
നേതാക്കൾക്ക് നല്കാൻ പാർട്ടിക്ക് പ്രത്യേക നിർദ്ദേശമില്ലെന്നും ക്ഷേത്രത്തിൽ പ്രാർഥിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും ഖാർഗെ പറഞ്ഞു. ജനുവരി 20, 21 തീയതികളിൽ കോൺഗ്രസ് ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് അജയ് റായിയും ബീഹാർ യൂണിറ്റ് മേധാവി അഖിലേഷ് പ്രസാദ് സിംഗും യഥാക്രമം രാമക്ഷേത്രം സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.