അയോധ്യ: അഞ്ച് തലമുറകളായി വിഗ്രഹങ്ങൾ കൊത്തുന്ന മൈസൂരിലെ ഒരു കുടുംബത്തിൽ നിന്ന് വരുന്ന അരുൺ യോഗിരാജ് അയോധ്യ ശ്രീരാമ ക്ഷേത്ര ചരിത്രത്തിൻ്റെ ഭാഗമാവുന്നു. അദ്ദേഹം കൊത്തിയെടുത്ത ബാലനായ ശ്രീരാമന്റെ വിഗ്രഹമാണ് അയോധ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക.
ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ 11 അംഗ ബോർഡിലെ ഭൂരിഭാഗവും യോഗിരാജ് നിർമ്മിക്കുന്ന തരത്തിലുള്ള കറുപ്പ് നിറത്തിലുള്ള വിഗ്രഹം വേണമെന്നാണ് അഭിപ്രായപ്പെട്ടത്.വെളുത്ത വിഗ്രഹം വേണമെന്ന മുതിർന്ന അംഗത്തിന്റെ ആവശ്യ മറ്റംഗങ്ങൾ തള്ളി.
യോഗിരാജ് നിർമ്മിച്ച വിഗ്രഹത്തിനാണ് പ്രഥമ പരിഗണനയെന്നും അത് മാറാനിടയില്ലെന്നും ബോർഡിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഈ മകര സംക്രാന്തി ദിവസമായ ജനുവരി 14, 15 ദിവസങ്ങളിലേതെങ്കിലും ഇതു സംബന്ധിച്ച അറിയിപ്പുണ്ടായേക്കും.
മൂന്ന് പ്രധാന ശിൽപ്പികളാണ് അയോധ്യയിലെ വിഗ്രഹത്തിനുള്ള ശിൽപ്പ മാതൃകകൾ സമർപ്പിച്ചത്. യോഗിരാജ് 51 ഇഞ്ച് നീളത്തിലുള്ള കറുത്ത നിറത്തിലുള്ള രണ്ട് വിഗ്രഹങ്ങളാണ് സമർപ്പിച്ചത്. കർണാടക സ്വദേശിയായ ഗണേഷ് ഭട്ട് എന്നൊരു ശിൽപ്പിയും കടുംനീല-ഗ്രേ നിറത്തിലുള്ളൊരു വിഗ്രഹവും നൽകി. മൂന്നാമത്തേത് രാജസ്ഥാനുകാരായ സത്യനാരായണ പാണ്ഡെയും കുടുംബവും സമർപ്പിച്ചത് തൂവെള്ള നിറത്തിലുള്ള മക്രണ മാർബിളിൽ നിന്ന് കൊത്തിയെടുത്ത വിഗ്രഹമാണ്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എട്ടോളം ശിൽപികളെ ക്ഷണിച്ചിരുന്നു. അവരിൽ മൂന്ന് പേർ മാത്രമാണ് നിർദ്ദിഷ്ട വ്യവസ്ഥകളിൽ പ്രവർത്തിക്കാൻ സമ്മതിച്ചതെന്ന് ട്രസ്റ്റിലെ ഒരംഗം പറഞ്ഞു.
അരുൺ യോഗിരാജിൻ്റെ കുടുംബം പണ്ട് മൈസൂരിലെ രാജകുടുംബത്തിനായി പ്രവർത്തിച്ചിരുന്നു. ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപമുള്ള അമർ ജവാൻ ജ്യോതിക്ക് പിന്നിലെ മേലാപ്പിൽ സ്ഥാപിച്ചിരിക്കുന്ന സുഭാഷ് ചന്ദ്രബോസിന്റെ 30 അടി പ്രതിമയും, ഉത്തരാഖണ്ഡിലെ കേദാർനാഥിലെ ആദിശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമയും കൊത്തിയെടുത്തതിന് അദ്ദേഹം പ്രശസ്തനാണ്.
ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല എന്ന് യോഗിരാജിന്റെ ഭാര്യ വിജേത പറഞ്ഞു. ഈ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.7 വയസും 18 മാസം പ്രായമുള്ള കുഞ്ഞുങ്ങൾ.