ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർടി തലവനുമായ അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യം റദ്ദാക്കി ഡൽഹി ഹൈക്കോടതി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അദ്ദേഹത്തിന് ഇന്നലെ റൂസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ എതിർത്ത് ഇഡി രംഗത്തെത്തിയെങ്കിലും വിധി കേജ്രിവാളിന് അനുകൂലമായിരുന്നു.
വിധിയെ എതിർത്ത് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി), ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സുധീർ കുമാർ ജെയിൻ, രവീന്ദർ ദുഡേജ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇഡിയെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) എസ് വി രാജു, ഏജൻസിക്ക് തങ്ങളുടെ വാദം അവതരിപ്പിക്കാൻ ന്യായമായ അവസരം നൽകിയിട്ടില്ലെന്ന് വാദിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) സെക്ഷൻ 45 ഉദ്ധരിച്ച്, ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും വിഷയം ദീർഘമായി കേൾക്കാൻ അനുവദിക്കണമെന്നും രാജു കോടതിയോട് ആവശ്യപ്പെട്ടു.
അരവിന്ദ് കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയാണ് ഹൈക്കോടതിയിൽ ഹാജരായത്.
മാർച്ച് 21-നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹത്തിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് ജൂൺ ഒന്നിന് അവസാനിച്ചതിനെത്തുടർന്ന് ജൂൺ രണ്ടിന് അദ്ദേഹം തിരികെ ജയിലിലേക്ക് മടങ്ങുകയായിരുന്നു.