കെജ്രിവാളിന് ജാമ്യം; പുറത്തിറങ്ങാൻ കഴിയില്ല

ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

എന്നാൽ കെജ്രിവാൾ ജയിലിൽ തൂടരേണ്ടി വരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയത് കൊണ്ട് അതു സംബന്ധിച്ച കേസിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചനം കിട്ടൂ. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇ.ഡി അറസ്റ്റ് നിയമവിധേയമല്ലെന്നു കാണിച്ചാണ് കേജ്‌രിവാൾ കോടതിയെ സമീപിച്ചത്.ഹര്‍ജിയിലെ നിയമവിഷയങ്ങൾ മൂന്നംഗ ബെഞ്ചിനു വിട്ടു. മൂന്നംഗ ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെയാണു ജാമ്യം.

മുൻപ് കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിനു തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങളല്ല ഉള്ളതെന്ന് പറഞ്ഞാണ് കോടതി ഹർജി മൂന്നംഗ ബെഞ്ചിനെ ഏൽപ്പിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 19-ന്റെ വ്യവസ്ഥയില്‍ അറസ്റ്റ് ആവശ്യമുണ്ടോ എന്നത് പരിശോധിക്കാനാണ് കേജ്‌രിവാളിന്റെ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്. 90 ദിവസത്തിലധികം കേജ്‌രിവാൾ ജയിൽവാസം അനുഭവിച്ചുകഴിഞ്ഞു.

അദ്ദേഹം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. അതിനാൽ സ്ഥാനമൊഴിയാണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും അത് അദ്ദേഹത്തിനു തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

കേസില്‍ നിന്ന് അരവിന്ദ് കെജ്രിവാളിനെ വെറുതെ വിട്ടെന്ന് അർത്ഥമില്ലെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ അഭിപ്രായപ്പെട്ടു. ഇത് കോടതിയുടെ തീരുമാനമാണ്. കോടതിയിൽ നിന്നും കൃത്യമായ തീരുമാനം വരട്ടെ. അരവിന്ദ് കെജ്രിവാൾ അഴിമതിക്കാരനാണെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.