ന്യൂഡൽഹി :ആം ആദ്മി പാർടി ഭരിക്കുന്ന ഡൽഹിയിൽ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) ആറാമത്തെ സമൻസും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഒഴിവാക്കി. ഈ വിഷയം ഇപ്പോൾ കോടതിയിലാണ് എന്നാണ് അദ്ദേഹത്തിൻ്റെ വാദം.
സമൻസുകൾ നിയമവിരുദ്ധമാണെന്നും വിഷയം ഇപ്പോൾ കോടതിയിലാണെന്നും പാർടി പ്രസ്താവനയിൽ അറിയിച്ചു.”ഇഡി തന്നെ കോടതിയെ സമീപിച്ചു. വീണ്ടും വീണ്ടും സമൻസ് അയക്കുന്നതിന് പകരം കോടതിയുടെ തീരുമാനത്തിനായി ഇഡി കാത്തിരിക്കണം,” – പ്രസ്താവനയിൽ പറയുന്നു
ഫെബ്രുവരി 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഫെബ്രുവരി 14നാണ് അന്വേഷണ ഏജൻസി കെജ്‌രിവാളിന് ആറാമത്തെ സമൻസ് അയച്ചത്. നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും എന്ന് ആരോപിച്ച് എഎപി മേധാവി ഇഡിയുടെ ഇതുവരെയുള്ള എല്ലാ സമൻസുകളും ഒഴിവാക്കിയിരുന്നു. ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, 2023 ഡിസംബർ 22, 2023 നവംബർ 2 തീയതികളിലാണ് മുമ്പ് അന്വേഷണ ഏജൻസി കെജ്‌രിവാളിന് സമൻസ് അയച്ചത്.
ഡൽഹി മദ്യ കുംഭകോണ കേസിൽ കോടതിയിൽ നേരിട്ടു ഹാജരാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 17ന് റൂസ് അവന്യൂ കോടതിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരായ സമയത്താണ് കെജ്‌രിവാൾ ഇക്കാര്യം അറിയിച്ചത്.
കുംഭകോണ കേസിൽ ആവർത്തിച്ച് സമൻസ് ലഭിച്ചിട്ടും കെജ്‌രിവാൾ ഹാജരായിരുന്നില്ല. കെജ്‌രിവാളിന് നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടതിണനെ തുടർന്നാണ് കോടതി ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി കോടതിയിൽ ഹാജരാകുമെന്നും ജാമ്യാപേക്ഷ നൽകുമെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
കേസിൽ അയച്ച സമൻസ് അനുസരിക്കാത്തതിന് ഇഡി നൽകിയ പരാതിയിൽ ഡൽഹി കോടതി ഫെബ്രുവരി 17ന് ഹാജരാകാൻ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാൻ കെജ്‌രിവാൾ ബാധ്യസ്ഥനാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2021 മാർച്ച് 22 ന് മനീഷ് സിസോദിയ പുതിയ മദ്യനയം പ്രഖ്യാപിച്ചിരുന്നു.
2021 നവംബർ 17-ന് പുതിയ മദ്യനയം നടപ്പിലാക്കുകയും ചെയ്തിരുന്നു. പുതിയ മദ്യനയം നിലവിൽ വന്നതോടെ സർക്കാർ മദ്യവിൽപ്പന അവസാനിപ്പിക്കുകയും മദ്യഷാപ്പുകളെല്ലാം സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലേക്ക് മാറുകയും ചെയ്തു. മാഫിയ ഭരണം അവസാനിപ്പിച്ച് സർക്കാരിൻ്റെ വരുമാനം വർധിപ്പിക്കുമെന്നതാണ് പുതിയ നയം കൊണ്ടുവന്നതിന് പിന്നിലെ സർക്കാർ വ്യക്തമാക്കിയത്. പുതിയ നയം 1500-2000 കോടി രൂപയുടെ വരുമാനം വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഡൽഹിയിലെ ആകെ മദ്യശാലകളുടെ എണ്ണം 850 ആയി തുടരുമെന്നും പുതിയ നയത്തിൽ പറഞ്ഞിരുന്നു. എന്നാൽ, പുതിയ നയം തുടക്കം മുതലേ വിവാദത്തിലായി. വിവാദങ്ങൾ ഉയർന്നതോടെ 2022 ജൂലൈ 28-ന് സർക്കാർ പുതിയ മദ്യനയം റദ്ദാക്കുകയും പഴയ നയം വീണ്ടും നടപ്പിലാക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു. എന്നാൽ ഇതിനിടയിൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഉയർന്നതോടെ വിഷയത്തിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ഇടപെടുകയായിരുന്നു. ഇതിനുപിന്നാലെ നിരവധി മുതിർന്ന എഎപി നേതാക്കളും അവരുടെ അടുത്ത അനുയായികളും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാകുകയും ചെയ്തു.