ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അഞ്ചര മാസത്തിനു ശേഷം തിഹാർ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രാജി പ്രഖ്യാപിച്ചത് ഡൽഹിയിൽ രാഷ്ടീയ ഊഹാപോഹങ്ങൾക്ക് വഴിമരുന്നിടുന്നു.
സുപ്രീംകോടതി കഴിഞ്ഞ ദിവസം കെജിരിവാളിന് ജാമ്യം അനുവദിച്ചിരുന്നു. രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും വ്യക്തമാക്കി. കോൺഗ്രസ്സും ബി ജെ പിയും അദ്ദേഹത്തിൻ്റെ തീരുമാനത്തെ വിമർശിച്ചു.
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ഉള്ളൂ.കോടതിയില്‍നിന്ന് എനിക്ക് നീതി കിട്ടി, ഇനി ജനകീയ കോടതിയില്‍ നിന്ന് നീതി ലഭിക്കും.-കെജിരിവാൾ പറഞ്ഞു.
‘ഡല്‍ഹിയിലെ ജനങ്ങളോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു, ഞാൻ നിരപരാധിയാണോ അതോ കുറ്റക്കാരനാണോ? ഞാൻ നന്നായി പ്രവർത്തിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് വോട്ട് ചെയ്യൂ.പാർട്ടിയിലെ ഒരാളെ മുഖ്യമന്ത്രിയാക്കുമെന്നും, മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാർച്ച് 21നാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യം നേടി പുറത്തുവരാനിരിക്കെ ജൂണ്‍ 26ന്, സി.ബി.ഐ തിഹാർ ജയിലിലെത്തി അഴിമതിക്കേസിലും അറസ്റ്റ് ചെയ്തു.
കെജ്‍രിവാളിന് ജാമ്യം അനുവദിക്കവെ, തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും 22 മാസമായി കേസില്‍ തെളിവുകള്‍ ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭുയാൻ വിമർശിച്ചിരുന്നു.
നവംബറില്‍ നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയേയും പരിഗണിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് എ എ പി ആവശ്യപ്പെടുന്നത്. കെജ്രിവാള്‍ രാജിവെച്ചാല്‍ നവംബർ വരെയോ അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെയോ പുതിയ മുഖ്യമന്ത്രിയെ എഎപിക്ക് കണ്ടെത്തേണ്ടി വരും.അതാരാകുമെന്നതാണ് ആകാംക്ഷ.
കെജ്രിവാള്‍ കഴിഞ്ഞാല്‍ നിലവില്‍ പാർട്ടിയില്‍ രണ്ടാമൻ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ്. എന്നാല്‍ ജനകീയ വിധി വന്ന ശേഷമേ താനും സ്ഥാനം ഏറ്റെടുക്കൂവെന്ന് അദ്ദേഹവും വ്യക്തമാക്കിയിട്ടുണ്ട്.
പിന്നീട് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് നിലവില്‍ മന്ത്രിയായിട്ടുള്ള അതിഷിയാണ്. കെജ്രിവാളടക്കമുള്ള എഎപിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ജയിലിലായിരുന്ന ഘട്ടത്തില്‍ അതിഷിയായിരുന്നു പാർട്ടിയുടെ മുഖമായി പ്രവർത്തിച്ചത്.
മദ്യനിരോധന അഴിമതിക്കേസില്‍ നേതാക്കളെല്ലാം ജയിലിലായത് എഎപിയെ പ്രതിരോധത്തിലാക്കിയിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ ഉത്ഭവമെടുത്ത പാർട്ടിയുടെ നേതൃത്വം ഒന്നടങ്കം കുറ്റാരോപിതരായി നില്‍ക്കുന്നത് എഎപിയുടെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുമായി ബന്ധപ്പെടാൻ എഎപി വിപുലമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മദ്യനയക്കേസില്‍ കെജ്രിവാള്‍ ഉള്‍പ്പെടെ ജയിലിലായ പ്രമുഖരെല്ലാം പുറത്തിറങ്ങിയത് ആപ്പിന് വലിയ ആശ്വാസമായിട്ടുണ്ടെങ്കിലും നേതാക്കളുടെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തുകയാകും പാർട്ടിക്ക് മുന്നിലുള്ള ദൗത്യം.
കെജ്രിവാള്‍ തനിക്ക് അധികാര മോഹമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കൂടിയാണ് ധാർമിക നിലപാട് ചൂണ്ടിക്കാട്ടി ഇപ്പോള്‍ രാജി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ അത് നേട്ടമുണ്ടാക്കുമെന്നാണ് എഎപി പ്രതീക്ഷിക്കുന്നു.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെജ്രിവാളിന്റെ അപ്രതീക്ഷിത നീക്കം ഇരുതല മൂർച്ചയുള്ളതാണ് വാളാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിനൊപ്പം തിരിച്ചടി ലഭിക്കാനുള്ള സാഹചര്യങ്ങളും ഇതിലുണ്ട്.