ന്യൂഡല്‍ഹി: മാലദ്വീപിന്റെ മോദി വിരോധത്തില്‍ പൊലിഞ്ഞത് 14 കാരന്റെ ജീവന്‍. പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയില്‍നിന്നുള്ള ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച്, ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം മാലദ്വീപില്‍ എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നുണ്ട്.
ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വില്‍മിങ്ടനില്‍ താമസിക്കുന്ന 14 വയസ്സുകാരനാണ് മരണത്തിനു കീഴടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്‌കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ 16 മണിക്കൂറിനുശേഷം വ്യാഴാഴ്ച രാവിലെയാണ് എയര്‍ ആംബുലന്‍സിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്കു പുറത്ത് പ്രതിഷേധം നടന്നതായി മാലദ്വീപിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എയര്‍ ആംബുലന്‍സിന് അനുമതി ലഭിക്കാതിരുന്നതെന്നും ആരോപണം ഉയര്‍ന്നു. ”ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീര്‍ക്കാന്‍ ആളുകള്‍ അവരുടെ ജീവന്‍ പണയപ്പെടുത്തേണ്ടതില്ല.” മാലദ്വീപ് എംപി മീകെയില്‍ നസീം എക്സില്‍ കുറിച്ചു.