ഹൈദരാബാദ്: തെലുങ്കു സിനിമ നടൻ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹൈകക്കോടതിയുടെ ഇടപെടൽ.
അല്ലു അര്‍ജുൻ നായകനായ പുഷ്പ 2 എന്ന സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ ആണ് അദ്ദേഹത്തെ അറസ്ററ് ചെയ്തത്.നടനാണെങ്കിലും ഒരു പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
അല്ലു അർജുനെ ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് അറസ്ററ് ചെയ്തത്.
ഡിസംബർ നാലിന് ആയിരുന്നു അപകടം. ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നടന്റെ അപ്രതീക്ഷിത സന്ദർശനമാണ് തിരക്കുണ്ടാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു.അല്ലു അർജുന് പുറമേ തിയറ്റർ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെയും കേസെടുത്തിട്ടുണ്ട്. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ബിഎന്‍സ് സെക്ഷന്‍ 105, 118 (1) എന്നിവ അടിസ്ഥാനമാക്കിയാണ് കേസ്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നത്തിനിടയാക്കിയതെന്നും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു.
തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നെന്നും ക്രമീകരണങ്ങൾ ഏർപ്പെടുത്താന്‍ നിർദേശിച്ചിരുന്നെന്നും അല്ലു അർജുൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ് പോലീസ് നടപടി.
അറസ്റ്റിനെതിരെ ബിആർഎസ് നേതാവ് കെ.ടി.രാമറാവു അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവാദിയല്ലാത്ത ഒരു സംഭവത്തിന്റെ പേരിൽ ആണ് സർക്കാരിൻ്റെ നടപടി. അല്ലു അർജുനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പൊലീസ് പെരുമാറിയത്’ – രാമറാവു പറഞ്ഞു.
അല്ലുവിനെ അറസ്റ്റ് ചെയ്ത് എത്തിച്ച ചിക്കഡപള്ളി പൊലീസ് സ്റ്റേഷനു മുന്നിൽ താരത്തിന്റെ ആരാധകർ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ട്.
യുവതിയുടെ മരണവാര്‍ത്തയില്‍ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയ അല്ലു അര്‍ജുന്‍ അവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.