April 22, 2025 7:29 pm

മുസ്ലിം സ്ത്രീകൾക്ക് ജീവനാശത്തിന് അർഹതയെന്ന് വിധി

ന്യൂഡല്‍ഹി:വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധി.

മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശം തീരുമാനിക്കേണ്ടതെന്ന വാദം കോടതി തള്ളി.

ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ വിധി. നാഗരത്‌നയും അഗസ്റ്റിന്‍ ജോര്‍ജ് മസീഹും പ്രത്യേക വിധികള്‍ എഴുതിയെങ്കിലും ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് നല്‍കാമെന്ന കാര്യത്തില്‍ അവർ ഏകാഭിപ്രായമാണ് പുലര്‍ത്തിയത്.

തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് അബ്ദുള്‍ സമദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സമദിന്റെ മുന്‍ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 10,000 രൂപ നല്‍കാനായിരുന്നു തെലങ്കാന ഹൈക്കോടതി ഉത്തരവ്.

ജീവനാംശം ദാനമല്ലന്നും സ്ത്രീകളുടെ അവകാശമാണെന്നും വിധിപ്രസ്താവിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു,

2017-ലാണ് മുഹമ്മദ് അബ്ദുള്‍ സമദും ഭാര്യയും തമ്മില്‍ മുസ്‌ലിം വ്യക്തിനിയമ പ്രകാരം വിവാഹമോചിതരായത്. വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചിതരായതിനാല്‍ മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം വിവാഹമോചനം നല്‍കേണ്ടതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍,ഈ വാദം കോടതി തള്ളി.

പ്രസിദ്ധമായ ഷാ ബാനോ കേസ് വിധിയില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം മുസ്‌ലിം വനിതകള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തിനിയമത്തിക്കാള്‍ ഈ മതേതര നിയമാണ് നിലനില്‍ക്കുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹിതയായ വനിതകള്‍ക്ക് മാത്രമല്ല, എല്ലാ വനിതകള്‍ക്കും ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News