ന്യൂഡൽഹി: വിഷം നിറഞ്ഞ വായു ശ്വസിച്ച് പ്രതിവർഷം ഡൽഹിയിൽ 12,000 പേർ മരണത്തിന് കീഴടങ്ങുന്നു.വാഹനങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽ നിന്നുള്ള പുകയാണ് മുഖ്യകാരണം.
ശുദ്ധ വായു ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം ഉയരുന്നതായാണ് ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. രാജ്യത്തെ 10 പ്രധാന നഗരങ്ങളിലെ പ്രതിദിന മരണങ്ങളിൽ 7 ശതമാനത്തിലധികം വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് നിഗമനം.
അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരാണസി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് പഠനം വിശകലനം ചെയ്തത്. ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും ആഴത്തിൽ തുളച്ചുകയറാൻ കഴിയുന്നത്ര മാലിന്യം വായുവിൽ ഉള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.
വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിലെയും ന്യൂഡൽഹിയിലെ സെൻ്റർ ഫോർ ക്രോണിക് ഡിസീസ് കൺട്രോളിലെയും ഗവേഷകരാണ് പഠനത്തിനുള്ള ഈ അന്താരാഷ്ട്ര സംഘത്തിൽ ഉണ്ടായിരുന്നത്. ഹൃദയാഘാതം, ഹൃദ്രോഗം, ശ്വാസകോശ അർബുദം, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് വായു മലിനീകരണം കാരണമാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.