സി പി ഐ ഉറച്ചു തന്നെ; അജിത് കുമാറിൻ്റെ മൊഴിയെടുത്തു

തിരുവനന്തപുരം: ആരോപണ വിധേയനായ എഡിജിപി: എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിക്കുന്നതിനിടെ അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി, ആർഎസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിൻ്റെ അടിസ്ഥാനമെന്താണ് എന്ന് വിശദീകരിക്കണം എന്നാണ് സി പി ഐയുടെ മുഖ്യാവശ്യം.

ആ‍ർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിർവഹണത്തിലെ ക്രമക്കേടുകളടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ അജിത് കുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകി. പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൻ്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പർജൻ കുമാർ, എസ്‌പിമാരായ മധുസൂദനൻ എന്നിവരും ഒപ്പമുണ്ട്.

ആദ്യം സ്പർജൻ കുമാർ മൊഴിയെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്.എന്നാൽ തനിക്കെതിരായ അന്വേഷണത്തിൽ തന്നേക്കാൾ ജൂനിയറായ സ്‌പർജൻ കുമാറിനെ മൊഴിയെടുക്കാൻ നിയമിച്ചതിനെതിരെ ഡിജിപിക്ക് എഡിജിപി കത്ത് നൽകിയിരുന്നു. സ്പർജൻ കുമാറിന് മുന്നിൽ മൊഴി നൽകില്ലെന്നും പൊലീസ് മേധാവി നേരിട്ട് മൊഴിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് എഡിജിപി ഇന്ന് പൊലീസ് ആസ്ഥാനത്ത് എത്തിയത്.

അതേസമയം അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കം 5 ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഷെയ്ഖ് ദർവേസ് സാഹിബ് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. സംസ്ഥാന സർക്കാർ ഈ ശുപാർശ വിജിലൻസിന് കൈമാറിയാൽ ആരോപണങ്ങളിൽ വിജിലൻസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും.

എഡിജിപിക്കെതിരായ അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ അത് മനസിലാക്കാമെന്ന് ബിനോയ് വിശ്വം വിശദീകരിക്കുന്നുണ്ട്. അതിനർത്ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും അദ്ദേഹ പറഞ്ഞു.

സി പി ഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച യു.ഡി.എഫ് കൺവീനർ എംഎം ഹസനോടും രൂക്ഷമായ പ്രതികരണമാണ് ബിനോയ് വിശ്വം നടത്തിയത്. എൽഡിഎഫ് രാഷ്ട്രീയത്തിൻ്റെ കരുത്തുറ്റ ഭാഗമാണ് സിപിഐ.

ആരെങ്കിലും മാടിവിളിച്ചാൽ പോകുന്നതല്ല പാർടി നിലപാട്. ഇടതുപക്ഷത്തിൻ്റെ ശരികളെ ഉയർത്തിപ്പിടിക്കേണ്ട പാർട്ടിയാണ് സിപിഐ. ഹസൻ, സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് രാഷ്ട്രീയം അറിയാത്തത് കൊണ്ടാണ്. ആരെങ്കിലും മാടിവിളിച്ചാൽ പോകേണ്ടവരല്ല സിപിഐ എന്ന് ഹസനും കൂട്ടരും മനസിലാക്കണം. ഹസൻ യുഡിഎഫിലെ കാര്യങ്ങൾ നോക്കിയാൽ മതി. മറ്റ് കാര്യങ്ങളിൽ തലപുണ്ണാക്കേണ്ടെന്നും ബിനോയ് പറ‌ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News