ബംഗ്ലാദേശിന് ഇനി വൈദ്യുതിയില്ല: അദാനി ഗ്രൂപ്പ്

ധാക്ക: കുടിശ്ശിക വകയിൽ 850 ദശലക്ഷം ഡോളർ (7,200 കോടിയോളം രൂപ) തന്നില്ലെങ്കിൽ നവംബർ 7ഓടെ വൈദ്യുതി വിതരണം പൂർണമായി അവസാനിപ്പിക്കുമെന്ന് അദാനി പവർ, ബംഗ്ലാദേശ് സർക്കാരിന് മുന്നറിയിപ്പ് നൽകി. വൈദ്യുതി വിതരണം വെട്ടിക്കുറച്ചതിനു പിന്നാലെ ആണ് ഈ അന്ത്യശാസനം.

കുടിശ്ശിക തീർക്കാനും പേയ്‌മെന്‍റ് സുരക്ഷിതത്വം ഉറപ്പാക്കാനും 170ദശലക്ഷം ഡോളർ (1,500 കോടിയോളം രൂപ) ‘ലെറ്റർ ഓഫ് ക്രെഡിറ്റ്’ ആയി നല്‍കാൻ ഒക്‌ടോബർ 31 വരെ ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്‍റ് ബോർഡിന് അദാനി പവർ സമയപരിധി നിശ്ചയിച്ചിരുന്നു. ഡോളറിന്‍റെ ക്ഷാമമാണ് കുടിശ്ശിക തിരിച്ചടവിന് ഒരു കാരണമായി ബംഗ്ലാദേശ് ചൂണ്ടിക്കാട്ടുന്നത്.

ഭരണമാറ്റത്തോടെ പ്രക്ഷുബ്ധമായ രാജ്യത്തിന്‍റെ വൈദ്യുതി ക്ഷാമം രൂക്ഷമാക്കിക്കൊണ്ട് ഒക്ടോബർ 31 മുതല്‍ വിതരണം കുറക്കാൻ ജാർഖണ്ഡിലെ അദാനി പവർ തീരുമാനിക്കുകയായിരുന്നു.

പവർ ഗ്രിഡ് ബംഗ്ലാദേശിന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്‌, വെള്ളിയാഴ്ച ജാർഖണ്ഡിലെ അദാനിയുടെ പ്ലാന്‍റ് 1,496 മെഗാവാട്ട് ഉല്‍പാദനശേഷിയില്‍ നിന്ന് 724 മെഗാവാട്ട് മാത്രമാണ് വിതരണം ചെയ്തത്. ജാർഖണ്ഡിലെ ഈ പ്ലാന്‍റ് ആണ് അദാനി പവറിന്‍റെ ഏറ്റവും വലിയ വൈദ്യുതി വിതരണക്കാർ.

പ്രതിസന്ധിയിലായ രാജ്യത്തിന് കൃത്യസമയത്ത് പണമടക്കാൻ കഴിയാത്തതിനാല്‍ ചില പവർ യൂനിറ്റുകള്‍ ഇന്ധനം വാങ്ങല്‍ കുറച്ചതായി ബംഗ്ലാദേശിലെ വ്യവസായ വൃത്തങ്ങള്‍ പറയുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള പണം വരവ് മന്ദഗതിയിലായതിനാല്‍ അദാനിക്കുള്ള കുടിശ്ശിക വർധിക്കുകയാണ്.

ഒക്ടോബറില്‍ ഏകദേശം 90 ദശലക്ഷം ഡോളർ അദാനി പവറിന് നല്‍കിയതായി പറയപ്പെടുന്നുണ്ടെങ്കിലും മുൻ മാസങ്ങളില്‍ 90-100 ദശലക്ഷം ഡോളറിന്‍റെ പ്രതിമാസ ബില്ലുകള്‍ക്കെതിരെ 20-50 ദശലക്ഷം ഡോളറായിരുന്നു അടവുകള്‍.

എന്നാല്‍, ഈ വിഷയത്തില്‍ അദാനി പ്രതികരിച്ചിട്ടില്ല. പണമടക്കുന്നതിലെ കാലതാമസവും കടക്കാരുടെ കുടിശ്ശിക തീർക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ പവർ കമ്ബനിയെ അങ്ങേയറ്റത്തെ നടപടിയെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് അദാനി പവറിന്‍റെ ഉദ്യോഗസ്ഥരുടെ വാദം.

അതേസമയം, വൈദ്യുതി വാങ്ങുന്നത് ബംഗ്ലാദേശ് മാത്രമായതിനാല്‍ 800 മെഗാവാട്ട് ശേഷിയുള്ള രണ്ട് യൂണിറ്റുകളില്‍ ഒന്ന് ‘അദാനി പവർ ജാർഖണ്ഡി’ന് വെറുതെ വിടേണ്ടിവന്നാല്‍ ഗോഡ്ഡ പ്ലാന്‍റിന്‍റെ പ്രവർത്തനക്ഷമതയെ ബാധിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News