ഗൗതം അദാനിയ്‌ക്കെതിരെ അമേരിക്കയിൽ കോഴക്കേസിൽ കുറ്റപത്രം

ന്യൂയോർക്ക് : സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അദാനി ഗ്രൂപ്പ് ഏകദേശം 2,100 കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന് അമേരിക്കയിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ആരോപിച്ചു. ശതകോടീശ്വരനായ ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നു ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. എന്നാൽ അത് ആരോപണങ്ങൾ മാത്രമാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

ഇതിനെ തുടർന്ന്, ഇന്ത്യൻ ഓഹരി വിപണിയില്‍ അദാനി എനര്‍ജി സൊലൂഷന്‍ 20 ശതമാനം തകര്‍ച്ച നേരിട്ടു. അദാനി ഗ്രീന്‍ 18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 13 ശതമാനവും അദാനി പവര്‍ 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവിലാണ്.

റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അമേരിക്കയിലെ കോര്‍പറേറ്റ് ബോണ്ട് വിപണിയില്‍ 600 മില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ അദാനി പുറത്തിറക്കിയിരുന്നു. മൂന്ന് ഇരട്ടിയിലേറെ ആവശ്യക്കാരെത്തിയെങ്കിലും പിന്നീട് കടപ്പത്ര വില്പന റദ്ദാക്കി.

ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ വലിയ സമ്പന്നനാണു ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ റിയല്‍ടൈം ശതകോടീശ്വര പട്ടികപ്രകാരം 8,550 കോടി ഡോളര്‍ (7.21 ലക്ഷം കോടി രൂപ) ആസ്തിയുമായി 18-ാമതാണ് അദാനി. 17-ാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും സമ്പന്നന്‍. ആസ്തി 9,430 കോടി ഡോളര്‍ (7.95 ലക്ഷം കോടി രൂപ).

ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 69.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോക കോടീശ്വര പട്ടികയില്‍ 22-ാം സ്ഥാനത്താണ് അദാനി

അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി ഗൗതം അദാനിക്കും മറ്റ് ഉന്നതര്‍ക്കുമെതിരെ കേസ് എടുത്തത്. കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ഹിന്‍ഡന്‍ബര്‍ഗിനേക്കാള്‍ വലിയ കുരുക്കാണ് മുറുകുന്നത്.

അമേരിക്കയിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ ആരോപണം. മോദി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കി അദാനി ഗ്രൂപ്പ് കരാറുകള്‍ സ്വന്തമാക്കിയെന്നാണു കുറ്റപത്രത്തിലുള്ളത്.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ട് ഇടപെട്ട് കേന്ദ്രസര്‍ക്കാരില്‍നിന്ന് അനധികൃതമായി വിവിധ കരാറുകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രം സൂചിപ്പിക്കുന്നു.

അദാനി ഗ്രീന്‍ എനര്‍ജിക്കും മറ്റൊരു കമ്പനിക്കും 12 ഗിഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളര്‍ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി കൊടുത്തെന്നും ഈ പദ്ധതിവഴി 2 ദശാബ്ദം കൊണ്ട് 200 കോടി ഡോളര്‍ (ഏകദേശം 16,000 കോടി രൂപ) ലാഭമുണ്ടാക്കാന്‍ ഉന്നമിട്ടെന്നുമാണു മുഖ്യ ആരോപണം.

മാത്രമല്ല, കൈക്കൂലി നല്‍കിയതും കരാര്‍ അനധികൃതമായി നേടിയതും മറച്ചുവച്ചും കള്ളം പറഞ്ഞും യുഎസ് നിക്ഷേപകരില്‍നിന്നും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളില്‍നിന്നും 300 കോടി ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) സമാഹരിച്ചെന്നും ആരോപണമുണ്ട്.

കൈക്കൂലി കൊടുത്തെന്ന് ആരോപണമുള്ളത് ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണെങ്കിലും അതുവഴി ലക്ഷ്യമിട്ടത് അമേരിക്കയിൽ ഊര്‍ജപദ്ധതിയും അതു ചൂണ്ടിക്കാട്ടി നിക്ഷേപകരില്‍നിന്ന് മൂലധന സമാഹരണവുമാണ്. ഇതുസംബന്ധിച്ച ഇടപാടുകള്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് പരിധിയിലാണു നടന്നതെന്നതിനാലാണു കേസ് എടുത്തത്.

വ്യാജരേഖകള്‍ ചമച്ചാണു അമേരിക്കയിൽ കടപ്പത്രങ്ങളിറക്കി മൂലധന സമാഹരണം നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്.നിക്ഷേപകരെ കബളിപ്പിച്ച് 17.5 കോടി ഡോളര്‍ (1,500 കോടി രൂപ) സമാഹരിച്ചുവെന്ന് കാട്ടി അമേരിക്ക സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന്‍ സിവില്‍ കേസും അദാനിക്കെതിരെ സമര്‍പ്പിച്ചിട്ടുണ്ട്.