അതിഷി മര്‍ലേന മന്ത്രിസഭ ഈയാഴ്ച

ന്യൂഡൽഹി: ആം ആദ്മി പാർടിയുടെ പുതിയ സർക്കാർ ഈ ആഴ്ച അധികാരമേൽക്കും.

സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.നിയുക്ത മുഖ്യമന്ത്രിയായി അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തത് യാദൃശ്ചികമായല്ല. മുഖ്യമന്ത്രി കെജ്രിവാൾ ജയിലിൽ ആയിരുന്നപ്പോൾ പാർടിയുടെ മുഖം അതിഷി ആയിരുന്നു.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദവി രാജിവച്ച ഒഴിവിലേക്ക് ആണ് അതിഷി മര്‍ലേന വരുന്നത്.11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദം ഒഴിയുന്നത്. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു അതിഷി. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന.

മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി നേതൃയോഗം ഉടൻ ചേരും.നിലവിലെ മന്ത്രിമാരെ തന്നെ നിലനിർത്തിക്കൊണ്ട് വകുപ്പുകളിൽ മാറ്റം വരുത്താനാണ് നീക്കം. പുതിയ മന്ത്രിമാരെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയേക്കും.

ഈമാസം 26, 27 തീയതികളിൽ നിയമസഭ സമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പാണ് അരവിന്ദ് കെജ്രിവാളിനു മുന്നിലുള്ള ആദ്യ വെല്ലുവിളി.

അതിഷി മർലേനയും സൗരഭ് ഭരദ്വാജും ഗോപാല്‍ റായിയും ലഫ്റ്റനൻ്റ് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍, അതിഷി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ചു.