തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം 2024 ഡിസംബറോടെ പൂർണമായി പ്രവർത്തന സജ്ജമാകുമെന്ന് അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് ഝാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേയിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകും. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും. ഇതിനുശേഷമാകും കമ്മിഷൻ ചെയ്യുക. ഇതോടെ ചരക്കുകപ്പലുകൾ എത്തിത്തുടങ്ങും.
650പേർക്ക് നേരിട്ടും 5000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. തുറമുഖത്തേക്കുള്ള റെയിൽപ്പാതയ്ക്കുവേണ്ടിയുള്ള വിശദ പദ്ധതിരേഖ പൂർത്തിയായി. സർക്കാരിന്റെ പാരിസ്ഥിതിക അനുമതിക്കായി സമർപ്പിച്ചു. തുറമുഖത്തേക്കുള്ള 1.75 കിലോമീറ്റർ റോഡിന്റെ നിർമ്മാണം അടുത്തവർഷം പൂർത്തിയാകും. 500 മീറ്റർ പൂർത്തിയായി. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിനും നങ്കൂരമിടാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക തുറമുഖവുമായി വിഴിഞ്ഞം മാറും. സംസ്ഥാനത്തിന്റെ വികസനത്തിന് വൻകുതിച്ചു ചാട്ടമുണ്ടാകും. ആദ്യഘട്ടത്തിൽ 1.5 ദശലക്ഷം ടി.ഇ.യു ആയിരിക്കും തുറമുഖത്തിന്റെ ശേഷി.
രണ്ടാംഘട്ടത്തിൽ 2.5 ദശലക്ഷം, മൂന്നാംഘട്ടത്തിൽ 3 ദശലക്ഷം ടി.ഇ.യുവുമായി ശേഷി ഉയർത്തും. ചരക്കുനീക്കത്തിന് ആദ്യഘട്ടത്തിൽ 32 ക്രെയിനുകളാകും ഉണ്ടാവുക. എട്ട് ഷോർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളും. കഴിഞ്ഞദിവസമെത്തിയ ആദ്യ കപ്പലിൽ ഒരു ഷോർ ക്രെയിനും 2 യാർഡ് ക്രെയിനുകളുമാണുള്ളത്.
പ്രധാനമായും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായാണ് പ്രവർത്തിക്കുക. മദർഷിപ്പുകളിൽ എത്തുന്ന കണ്ടെയ്നറുകളിൽ 90 ശതമാനം ട്രാൻസ്ഷിപ്പ്മെന്റ് രീതിയിൽ ചെറുകപ്പലുകളിലേക്ക് മാറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ശേഷിക്കുന്ന 10 ശതമാനം റോഡ്, റെയിൽ മാർഗം അയയ്ക്കും. ആഭ്യന്തര കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് എത്തുക. അതിനാൽ കൊളംബോ, ദുബായ്, സിംഗപ്പൂർ തുറമുഖങ്ങൾക്ക് വിഴിഞ്ഞം ഭീഷണിയാകില്ല.