April 13, 2025 1:15 am

കുറ്റപത്രം സ്വീകരിച്ചു; വീണയ്ക്ക് നോട്ടീസ് അടുത്താഴ്ച

കൊച്ചി : മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കും മററു പ്രതികൾക്കും അടുത്താഴ്ച നോട്ടീസ് നൽകും..

ആലുവയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) കമ്പനിയിൽ നിന്ന് .വീണയും അവരുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസും ചേർന്ന് 2.7 കോടി രൂപ കൈപ്പറ്റി സാമ്പത്തിക വഞ്ചന നടത്തിയെന്ന കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

നൽകാത്ത സേവനത്തിന് പണം വാങ്ങി എന്നാണ് ആരോപണം. ഈ കുറ്റം നിലനില്‍ക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നടപടി. ഒന്നാം പ്രതിയായ സിഎംആർഎൽ എംഡി: ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതിയായ വീണ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയയ്ക്കും. ഇതില്‍ നാലു പ്രതികള്‍ നാല് കമ്പനികളാണ്.

കുറ്റപത്രത്തിന്റെ പകർപ്പു ലഭിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു. എസ്എഫ്ഐഒയുടെ അഭിപ്രായം ആരാഞ്ഞിട്ടാവും പകർപ്പ് ഇ.ഡിക്കു കൈമാറുക. കള്ളപ്പണം വെളുപ്പിക്കൽ, വിദേശ നാണയ വിനിമയ ചട്ട ലംഘനം എന്നിവ എസ്എഫ്ഐഒ കണ്ടെത്തിയാലും ഇ.ഡിക്കാണ് ഇത്തരം കേസുകളുടെ പ്രോസിക്യൂഷൻ ചുമതല.

കേസിൽ പിഎംഎൽഎ, ഫെമ കുറ്റങ്ങൾ ചുമത്തുന്ന സാഹചര്യമുണ്ടായാൽ സിഎംആർഎൽ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡിക്കു കടക്കാൻ കഴിയും.

കമ്പനിനിയമപ്രകാരം 6 മാസം മുതൽ 10 വർഷം വരെ തടവും വഞ്ചിച്ചുനേടിയ തുകയുടെ മൂന്നുമടങ്ങു വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു വീണ ചെയ്തതെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ.

സിഎംആർഎലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഈടും പലിശയുമില്ലാതെ 77 ലക്ഷം രൂപ എക്സാലോജിക്കിനു വായ്പ നൽകിയ കേസും നിലവിലുണ്ട്. ബെംഗളുരുവിലാണ് ഇതിന്റെ നടപടി ക്രമങ്ങൾ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News