അമൃത്സർ: കാലിൽ ചങ്ങലയും കയ്യിൽ വിലങ്ങുമായി അമേരിക്ക നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരിൽ രണ്ടുപേരെ കൊലപാതകക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പട്യാല ജില്ലയിലെ രാജ്പുര സ്വദേശികളായ സന്ദീപ് സിങ് എന്ന സണ്ണി, പ്രദീപ് സിങ് എന്നിവരാണ് അറസ്റ്റിലായത്. അമൃത്സറില്‍ വിമാനമിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
2023 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് നാനാക് സിങ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് ഇവര്‍ അടക്കം, അനധികൃത കുടിയേറ്റക്കാരായ 116 ഇന്ത്യക്കാരെ സി-17 സൈനിക വിമാനത്തില്‍ വിമാനത്താവളത്തില്‍ എത്തിച്ചത്.
സന്ദീപിനും മറ്റ് നാല് പേര്‍ക്കുമെതിരെ 2023 ജൂണിലാണ് രാജ്പുരയില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണത്തില്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍, സന്ദീപിന്റെ കൂട്ടാളിയായ പ്രദീപിന്റെ പേരും എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തു.
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരേയും വഹിച്ചുള്ള ആദ്യ വിമാനം ഫെബ്രുവരി അഞ്ചിനായിരുന്നു അമൃത്സറിലെത്തിയത്. 157 യാത്രക്കാരായിരുന്നു ആ വിമാനത്തിലുണ്ടായിരുന്നത്.