March 15, 2025 9:09 pm

പാകിസ്ഥാൻ പൗരന്മാർക്ക് അമേരിക്കയിൽ യാത്രാവിലക്ക്

വാഷിങ്ടൻ: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 41 രാജ്യങ്ങിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് സർക്കാർ തീരുമാനമെടുത്തു.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കു ഇത് ബാധകമാക്കും എന്നാണ് സുചന. അമേരിക്കയിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെയും ഇത് ദോഷകരമായി ബാധിക്കും. ഈ രാജ്യങ്ങളെ മൂന്നു വിഭാഗമായി തിരിച്ചായിരിക്കും വിലക്ക് ഏർപ്പെടുത്തുക.

അമേരിക്കയുടെ ‘ചുവപ്പു പട്ടിക’ യിൽ ഉൾപ്പെട്ട 10 രാജ്യങ്ങളിലെ പൗരന്മാരെയാണ് യാത്രവിലക്ക് ഗുരുതരമായി ബാധിക്കുക.അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വീസ നൽകുന്നത് പൂർണമായും നിർത്തലാക്കും.

ഓറഞ്ച് പട്ടികയിൽ ഉൾപ്പെട്ട 5 രാജ്യങ്ങളിലെ പൗരന്‍മാർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തും. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ. ‌ഈ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസുകാർക്ക് വീസ അനുവദിക്കും. എന്നാൽ ടൂറിസം, വിദ്യാഭ്യാസം എന്നിവയ്ക്ക് എത്തുന്നവർക്കു നിയന്ത്രണം ഏർപ്പെടുത്തും.

മഞ്ഞ വിഭാഗത്തിലുള്ള 26 രാജ്യങ്ങളാണ് മൂന്നാമത്തെ പട്ടികയിലുള്ളത്. പാകിസ്താൻ,അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെലാറുസ്, ഭൂട്ടാൻ, ബെനിൻ, ബുർക്കിന ഫാസോ, കംബോഡിയ, കാമറൂൺ, കേപ് വെർഡെ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡിആർ കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയൽ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി,മൗറിറ്റാനിയ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, സിയേറ ലിവോണി, ഈസ്റ്റ് തിമൂർ, തുർക്ക്‌മെനിസ്താൻ, വാനവാട്ടു എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങൾ 60 ദിവസത്തിനകം സുരക്ഷ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിലക്കുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News