ന്യൂഡല്‍ഹി: ബി ജെ പിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിയമവാഴ്ച പരിപൂര്‍ണമായി തകര്‍ന്നെന്നു സുപ്രിം കോടതി കുററപ്പെടുത്തി.
സിവില്‍ കേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് ക്രിമിനല്‍ നിയമപ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെങ്ങനെയെന്ന് ചോദിച്ചുകൊണ്ടാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് കടുത്ത വിമര്‍ശനം നടത്തിയത്.
സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല. ഇതേക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവിയോടും ഗൗതമബുദ്ധ നഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ചെക്ക് മടങ്ങിയ കേസില്‍ ദേബു സിങ്, ദീപക് സിങ് എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. സിവില്‍ കേസ് തീര്‍പ്പാക്കല്‍ അനിശ്ചിതമായി നീണ്ടുപോയപ്പോഴാണ് ക്രിമിനല്‍ കേസെടുത്തതെന്നായിരുന്നു വാദിഭാഗത്തിന്റെ വിശദീകരണം.
സിവില്‍ കേസുകളെല്ലാം ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നത് വലിയ തെറ്റാണെന്നു കോടതി വ്യക്തമാക്കി. പണം തിരിച്ചുകൊടുക്കാത്തത് ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്നു പറഞ്ഞ കോടതി തുടര്‍നടപടികള്‍ സ്റ്റേ ചെയ്തു. ഇരുവര്‍ക്കുമെതിരേ വിശ്വാസവഞ്ചനയ്ക്കും ഭീഷണിപ്പെടുത്തിയതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമായിരുന്നു കേസ്.