ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിന് അംഗീകാരം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്.
നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹര്‍ജികളാണ് നിലവില്‍ കോടതിയുടെ മുന്നിലെത്തിയത്.
നിയമം സ്‌റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു.
ഏപ്രില്‍ 16ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹര്‍ജികള്‍ 16ന് പരിഗണിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്