March 13, 2025 5:00 pm

സുനിതയും വിൽമോറും വരുന്ന തിങ്കളാഴ്ച ഭൂമിയിലേക്ക് മടങ്ങും

കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ, 2024 ജൂൺ മാസം മുതൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ തീയതി തീരുമാനമായി.

വരുന്ന തിങ്കളാഴ്ചയായിരിക്കും മടക്കം.പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകീട്ട് 6.35നാകും സുനിത കൂടി ഇപ്പോൾ ഭാഗമായ ക്രൂ 9 ദൗത്യ സംഘം നിലയത്തിൽ നിന്ന് പുറപ്പെടുക. സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തിലാണ് അവർ ഭൂമിയിലേക്ക് മടങ്ങിയെത്തുക.

അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു‌ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്പേസ് എക്സ് (സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ).

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾ ട്രംപിൻ്റെ ഉററ ചങ്ങാതിയും ശതകോടീശ്വരനുമായ ഈലോൺ മസ്ക് ആണ് ഇതിന്റെ ഉടമ.ബഹിരാകാശ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പേസ് എക്സിന്റെ ലക്ഷ്യം അതിന്റെ ചെലവു കുറക്കുക എന്നതും ചൊവ്വാ കുടിയേറ്റം സാധ്യമാക്കുക എന്നതുമാണെന്ന് മസ്ക് പറയുന്നു.

നാസയുമായി സ്പേസ് എക്സിന് ദീഘകാല കരാറുണ്ട്. സുനിതയേയും ബുച്ച് വിൽമോറിനേയും തിരികെ കൊണ്ടുവരാൻ സഹായിക്കണമെൻ ഡൊണാൾ ട്രംപ്, മസ്കിനോട് ആവശ്യപ്പെട്ടിരുന്നു.

കാലാവസ്ഥ സാഹചര്യമനുസരിച്ച് ഈ സമയത്തിലും തീയതിയിലും മാറ്റം വരുത്തേണ്ടി വന്നേക്കാമെന്നും നാസ അറിയിച്ചു. ഇന്ന് രാവിലെ സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച ക്രൂ 10 വിക്ഷേപണം നാളെ രാവിലെ നടക്കും.

നാലംഗ സംഘമാണ് ക്രൂ 10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 4:56നായിരിക്കും ഈ വിക്ഷേപണം.

ബോയിംഗിന്‍റെ സ്റ്റാർലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാർലൈനറിന്‍റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല.പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു.

തുടര്‍ന്ന് സ്റ്റാര്‍ലൈനറിനെ ആളില്ലാതെ ന്യൂ മെക്സിക്കോയില്‍ 2024 സെപ്റ്റംബര്‍ 7ന് ലാന്‍ഡ് ചെയ്യിക്കുകയാണ് നാസയും ബോയിംഗും ചെയ്തത്. ഇതോടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഐഎസ്എസിൽ തുടരേണ്ടിവരികയായിരുന്നു. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് ഇതിനിടെ സുനിത വില്യംസ് സ്ഥാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News